ഒമാനിലെ നീറ്റ് പരീക്ഷ സെന്ററായി മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിനെ തിരഞ്ഞെടുത്തു
214 വിദ്യാര്‍ഥികളാണ് ഒമാനില്‍നിന്ന് ഇത്തവണ പരീക്ഷ എഴുതുന്നത്
ഇന്ത്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രല്‍സ് ടെസ്റ്റ് പരീക്ഷയുടെ ഒമാനിലെ സെന്ററായി മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിനെ തിരഞ്ഞെടുത്തു. ഇത്തവണ 214 വിദ്യാര്‍ഥികളാണ് ഒമാനില്‍നിന്ന് പരീക്ഷ എഴുതുന്നത്.
ആദ്യമായാണ് ഒമാനില്‍ നീറ്റ് പരീക്ഷ നടക്കുന്നത്. ജൂലൈ 17നാണ് പരീക്ഷ നടക്കുക. ഒമാന്‍ സമയം ഉച്ചക്ക് 12.30ന് ആണ് പരീക്ഷ ആരംഭിക്കുന്നത്. 3 മണിക്കൂറും 20 മിനുട്ടുമാണ് പരീക്ഷ സമയം. 12 മണിക്ക് മുമ്പായി പരീക്ഷ കേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ റിപ്പോര്‍ട്ട് ചെയ്യണം. രാവിലെ 9.30 മുതല്‍ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കും.
12 മണിക്ക് ശേഷം എത്തുന്നവരെ പരീക്ഷകേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. മസ്‌കത്തില്‍ കേന്ദ്രം അനുവദിച്ചത് മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും. അതേസമയം, പരീക്ഷ അഡ്മിറ്റ് കാര്‍ഡ് ലഭിക്കാന്‍ വൈകിയത് വിദ്യാര്‍ഥികളില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് പലര്‍ക്കും അഡ്മിറ്റ് കാര്‍ഡ് ലഭ്യമായത്.
21 ഇന്ത്യന്‍ സ്‌കൂളുകളുള്ളതിനാല്‍ ഒമാനില്‍ നീറ്റ് പരീക്ഷക്ക് കേന്ദ്രം അനുവദിക്കണമെന്ന് രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു.