ഒമാനിലെ നീറ്റ് പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിക്കണം; ഇന്ത്യൻ എംബസി ഓപൺ ഹൗസിൽ നിവേദനവുമായി രക്ഷിതാക്കൾ
വിവിധ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് രക്ഷിതാക്കൾ ഇന്ത്യൻ അംബാസഡർ അമിത് നാരങിന് നിവേദനം സമർപ്പിച്ചത്
മസ്കത്ത്: ഒമാനിലെ നീറ്റ് പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ എംബസി ഓപൺ ഹൗസിൽ നിവേദനവുമായി രക്ഷിതാക്കൾ. വിവിധ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് രക്ഷിതാക്കൾ ഇന്ത്യൻ അംബാസഡർ അമിത് നാരങിന് നിവേദനം സമർപ്പിച്ചത്.
ഒമാനിൽ നിർത്തലാക്കിയ നീറ്റ് പരീക്ഷാകേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൈരളി ഒമാൻ നേതൃത്വത്തിൽ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾ ഒമാനിലെ ഇന്ത്യൻ അംബാസ്സഡർ അമിത് നാരംഗിന് നിവേദനം നൽകി.
വിവിധ കാരണങ്ങളാൽ സാമ്പത്തിക പ്രതിസന്ധികളിൽ പെട്ടുഴലുന്ന പ്രവാസികളായ രക്ഷിതാക്കൾക്ക് വലിയ പ്രതിസന്ധിയാണ് പുതിയ തീരുമാനത്തിലൂടെ ഉണ്ടായിരിക്കുന്നതന്ന് കൈരളി ഒമാൻ നേതൃത്വത്തിൽ നൽകിയ നിവേദനത്തിൽ ചൂണ്ടികാട്ടി. വിദ്യാർഥികളുടെ ഭാവിയെ സാരമായി ബാധിക്കുന്ന തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്നും ഒമാനിലെ നീറ്റ് പരീക്ഷാകേന്ദ്രം ഉടൻ പുനഃസ്ഥാപിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
വിഷയത്തിൽ അടിയന്തിര ഇടപ്പെടൽ ആവശ്യപ്പെട്ട് രക്ഷിതാക്കളുടെ പ്രതിനിധിയായ കൃഷ്ണേന്ദുവിന്റെ നേതൃത്തിലും അംബാസഡർക്ക് നിവേദനം നൽകി. 300ല്‍ അധികം രക്ഷാകര്‍ത്താക്കൾ ഒപ്പിട്ട നിവേദനമാണ് സമർപ്പിച്ചത്.
നീറ്റ് പരീക്ഷക്ക് ഒമാനുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലും പരീക്ഷകേന്ദ്രം കേന്ദ്രം അനുവദിക്കണമെന്ന് റൂവി മലയാളി അസോസിയേഷൻ വെള്ളിയാഴ്ച്ച കൂടിയ എക്സിക്യൂട്ടീവ് യോഗത്തിൽ ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളിൽനിന്നടക്കമുള്ള വിദേശരാജ്യങ്ങളിൽനിന്ന് ‘നീറ്റ്’ പരീക്ഷ കേന്ദ്രങ്ങൾ ഒഴിവാക്കിയ തീരുമാനം ഇന്ത്യൻ പ്രവാസി വിദ്യാർഥികളോടുള്ള വെല്ലുവിളിയാണെന്ന് മസ്കത്ത് കെ.എം.സി.സി കേന്ദ്രകമ്മറ്റി പ്രസിഡന്റ് അഹമ്മ്ദ് റഹീസ് പറഞ്ഞു.