ഉച്ച വിശ്രമം നിയമം; 250 കേസുകൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ
ഒമാനിൽ തൊഴിലാളികൾക്ക് ഉച്ച വിശ്രമം നടപ്പിലാക്കാത്തതുമായി ബന്ധപ്പെട്ട് 250 കേസുകൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ. ജൂൺ ഒന്ന് മുതൽ ആണ് ഒമാനിൽ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നത്. ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇത്തരം ലംഘനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
തൊഴിലാളികൾക്ക് ഉച്ച വിശ്രമം നിയമം നടപ്പിലാക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് തൊഴിൽ മന്ത്രാലയത്തിലെ ഒക്യുപേഷണൽ ഹെൽത്ത് ആന്റ് സേഫ്റ്റി വിഭാഗം മേധാവി എൻജിൻ സക്കറിയ ബിൻ ഖമീസ് അൽ സാദി പറഞ്ഞു.
ഒമാൻ തൊഴിൽ നിയമം ആർട്ടിക്ക്ൾ 16 അനുസരിച്ച് ജൂൺ ഒന്ന് മുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നൽകുന്നത്. ഇതുപ്രകാരം തൊഴിലാളികൾക്ക് ഉച്ചക്ക് 12.30മുൽ 3.30വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥാരാണ്. ഉച്ച സമയങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കണ്ടെത്തിയാൽ മന്ത്രാലയം നിയമ നടപടികൾ സ്വീകരിക്കും. നിയമം ലംഘിക്കുന്നവർക്ക് 500 റിയാൽവരെ പിഴയും ഒരു മാസത്തെ തടവും ലഭിച്ചേക്കും.