പ്രാദേശിക ബാങ്കുകൾക്കുള്ള റിപോ റേറ്റ് വർധിപ്പിക്കാൻ ഒമാൻ സെൻട്രൽ ബാങ്കിന്റെ തീരുമാനം
അമേരിക്കൻ ഫെഡറൽ റിസർവ് അടുത്തിടെ റിപോ റേറ്റ് വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഒമാൻ സെൻട്രൽ ബാങ്കും റിപോ റേറ്റ് വർധിപ്പിച്ചത്.
മസ്‌കത്ത്: പ്രാദേശിക ബാങ്കുകൾക്കുള്ള റിപോ റേറ്റ് വർധിപ്പിക്കാൻ ഒമാൻ സെൻട്രൽ ബാങ്ക് തീരുമാനിച്ചു. 75 ബേസിക് പോയന്റ് മുതൽ മൂന്ന് ശതമാനം വരെ വർധിപ്പിക്കാനാണ് തീരുമാനിച്ചത്. അമേരിക്കൻ ഫെഡറൽ റിസർവ് അടുത്തിടെ റിപോ റേറ്റ് വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഒമാൻ സെൻട്രൽ ബാങ്കും റിപോ റേറ്റ് വർധിപ്പിച്ചത്.
അമേരിക്കയിൽ പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിലാണ് പലിശ നിരക്ക് വർധിപ്പിക്കാൻ യു.എസ് ഫെഡറൽ റിസർവ് ബാങ്ക് തീരുമാനിച്ചത്. ഒരു വർഷം കൊണ്ട് അമേരിക്കയിൽ പണപ്പെരുപ്പം ഒമ്പത് ശതമാനമാണ് വർധിച്ചത്. ഒമാനി റിയാലിനും അമേരിക്കൻ ഡോളറിനും സ്ഥിരമായ എക്‌സ്‌ചേഞ്ച് നിരക്കാണുള്ളത്. ഈ നയം ഒമാന്റെ സാമ്പത്തിക വ്യവസ്ഥക്ക് ഏറെ യോജിച്ചതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒമാനി റിയാലിന്റെ സ്ഥിരത ഉറപ്പു വരുത്തുക, ഒമാനിൽ നിന്ന് മൂലധനം പുറത്തേക്ക് പോവുന്നത് കുറക്കുക, വിനിമയ വിഷയത്തിൽ നിക്ഷേപകർക്കുള്ള ആശങ്കകൾ ഒഴിവാക്കി നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുക തുടങ്ങിയ നിരവധി മെച്ചമാണ് ഒമാനി റിയാലും അമേരിക്കൻ ഡോളറും തമ്മിൽ നിലനിൽക്കുന്ന ഈ നയ നിലപാടിനുള്ളത്. ഓരോ രാജ്യത്തെയും സെൻട്രൻ ബാങ്ക് അതത് രാജ്യങ്ങളിലെ വാണിജ്യ ബാങ്കുകൾക്ക് ഹൃസ്വ കാലത്തേക്ക് നൽകുന്ന പണ ഇടപാടിന് ഏർപ്പെടുത്തുന്ന നിരക്കാണ് റിപോ റേറ്റ്.