മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒമാൻ പ്രതിജ്ഞാബദ്ധമാണ്-ഒമാൻ വിദേശകാര്യമന്ത്രി
ന്യൂയോർക്കിൽ നടന്ന 78-ാമത് യു.എൻ ജനറൽ അസംബ്ലിയിൽ മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിൽ വർധിച്ചുവരുന്ന വിവേചനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഒമാൻ വിദേശകാര്യമന്ത്രി
മസ്‌കത്ത്: മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും പ്രസക്തമായ അന്താരാഷ്ട്ര ചാർട്ടറുകളും കരാറുകളും പാലിക്കാനും ഒമാൻ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രി. ന്യൂയോർക്കിൽ നടന്ന 78-ാമത് യു.എൻ ജനറൽ അസംബ്ലിയിൽ മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിൽ വർധിച്ചുവരുന്ന വിവേചനത്തെ പരമാർശിച്ച് സംസാരിക്കുകയായിരുന്നു ഒമാൻ വിദേശകാര്യമന്ത്രി.
മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിൽ അക്രമം, വിദ്വേഷം, വിവേചനം എന്നിവക്കുള്ള എല്ലാ പ്രേരണകളെയും നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നു ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദി പറഞ്ഞു. കൂടാതെ സമാധാനത്തിനും സാമൂഹിക സ്ഥിരതക്കും ദേശീയ സുരക്ഷക്കും ഭീഷണിയാകുന്ന ഈ പ്രവർത്തനങ്ങൾ ക്രിമിനൽ കുറ്റമാക്കാൻ നിയമനിർമ്മാണം നടത്താൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
സുസ്ഥിര വികസനത്തിലേക്കും വെല്ലുവിളികളെ അതിജീവിക്കാനും പ്രാദേശികവും ആഗോളവുമായ മാറ്റങ്ങളുമായി ചുവടുവെക്കാനുമുള്ള ഒരു കവാടമാണ് ഒമാൻ വിഷൻ 2040. കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനും അതിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളും പരിപാടികളും ഒമാൻ നടപ്പിലാക്കുന്നുണ്ട്. 2050ലെ കാർബൺ ന്യൂട്രൽ തന്ത്രത്തിന് അനുസൃതമായി പുനരുപയോഗ ഊർജ പദ്ധതികളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ഇത് പ്രവർത്തിക്കുന്നുണ്ടെന്നന്നും മന്ത്രി പറഞ്ഞു.