ഒമാൻ അസംസ്‌കൃത എണ്ണ വില വീണ്ടും ഉയരുന്നു
ഏപ്രിൽ മുതലാണ് ഇതിൻറെ ആഘാതം ലോകത്തെ എണ്ണ ഉപഭോഗ രാജ്യങ്ങൾ അനുഭവിക്കുക.
ഒമാൻ അസംസ്‌കൃത എണ്ണ വില വീണ്ടും ഉയരാൻ തുടങ്ങി. യുക്രൈൻ യുദ്ധത്തെ തുടർന്ന് റഷ്യൻ എണ്ണക്ക് യൂറോപ്യൻ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിതൊടെയാണ് എണ്ണ വില ഉയരാൻ തുടങ്ങിയത്.
മെയ് മാസത്തിൽ വിതരണം ചെയ്യേണ്ട എണ്ണ ബാരലിന് 115.70 ഡോളറായിരുന്നു ദുബൈ എക്‌സ്‌ചേഞ്ചിലെ വില. ബുധനാഴ്ചത്തെ വിലയെക്കാൾ 3.41 ഡോളർ കൂടുതലാണിത്. എണ്ണ വില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. യുക്രൈൻ പ്രശ്‌നം ആരംഭിച്ചതോടെ എണ്ണ വില കുത്തനെ വർധിച്ചെങ്കിലും ഈ മാസം 15 ന് ഒമാൻ എണ്ണ വില ബാരലിന് 100 ഡോളർ വരെ എത്തിയിരുന്നു. ആഗോള മാർക്കറ്റിലും എണ്ണ വില 139 ഡോളറിൽ എത്തിയിരുന്നു.
യുക്രൈൻ യുദ്ധത്തെ തുടർന്ന് റഷ്യൻ എണ്ണക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ യൂറോപ്യൻ രാജ്യങ്ങളിൽ ഏപ്രിലോടെ ദിവസവും മൂന്ന് ദശലക്ഷം ബാരൽ എണ്ണയുടെ കമ്മിയാണ് ഉണ്ടാവുക. ഇത് നികത്തുക ഏളുപ്പമല്ലെന്ന തിരിച്ചറിവാണ് എണ്ണ വില വീണ്ടും ഉയരാൻ കാരണം. ഏപ്രിൽ മുതലാണ് ഇതിൻറെ ആഘാതം ലോകത്തെ എണ്ണ ഉപഭോഗ രാജ്യങ്ങൾ അനുഭവിക്കുക. ദിവസവും മൂന്ന് ദശലക്ഷം എണ്ണയുടെ കുറവാണ് റഷ്യൻ എണ്ണക്ക് വിലക്ക് ഏർപ്പെടുത്തുന്നതോടെ ഉണ്ടാവുന്നത്.