നമ്പർ പ്ലേറ്റുകൾ ദൃശ്യമായില്ലെങ്കില്‍ പിഴ; മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ പൊടി മൂടുന്നത് ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ട്രാഫിക് വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഇക്കാര്യം റോയൽ ഒമാൻ പൊലീസ് നിർദേശിച്ചത്.
നമ്പർ പ്ലേറ്റിലെ അക്ഷരങ്ങളും നമ്പറുകളും പൊടിയിൽ മുങ്ങി അവ്യക്തമാകുന്നത് നിയമലംഘനമാണെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പൊടിക്കാറ്റിലും മഴയിലെ ചളിയിൽ സഞ്ചരിക്കുന്നത് മൂലവും പലപ്പോഴും വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ അവ്യക്തമാകുന്നത് സാധാരണമാണ്. പ്രത്യേകിച്ച് ദീർഘദൂര സഞ്ചാരികളുടെ വാഹനങ്ങളാണ് ഇത്തരത്തിൽ കാണുന്നത്.
ടാറിട്ട റോഡിലൂടെയെല്ലാതെ വാഹനങ്ങൾ കൊണ്ടുപോകുമ്പോൾ നമ്പർ പ്ലേറ്റുകൾ ചളിയിലും പൊടിയിലും മുങ്ങുന്നതാണ് ഇതിന് കാരണം. ഈ സാഹചര്യത്തിൽ നമ്പർ പ്ലേറ്റുകൾ എപ്പോഴും വ്യക്തമാണെന്ന് ഉറപ്പു വരുത്താൻ ശ്രദ്ധിക്കണമെന്ന് ട്രാഫിക് പൊലീസ് അധികൃതർ ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.