മഴ മുന്നറിയിപ്പ്: ഒമാനിലെ ഒമ്പത് ഗവർണറേറ്റുകളിൽ നാളെ അവധി
സ്‌കൂളുകൾക്കും, പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു
Update: 2024-10-14 14:36 GMT
മസ്‌കത്ത്: ശക്തമായ മഴ മുന്നറിയിപ്പിനെത്തുടർന്ന് ഒമാനിലെ ഒമ്പത് ഗവർണറേറ്റുകളിൽ നാളെ അവധി. നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റാണ് സ്‌കൂളുകൾക്കും പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്. മസ്‌കത്ത്, സൗത്ത് ഷർഖിയ, നോർത്ത് ഷർഖിയ, അൽ വുസ്ത, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന എന്നിവിടങ്ങളിലും ദാഖിലിയ, ദാഹിറ, അൽ ബുറൈമി എന്നീ ഗവർണറേറ്റുകളിലെ പർവതപ്രദേശങ്ങളിലുമാണ് അവധി.
വിവിധ ഗവർണറേറ്റുകളിൽ 40 മുതൽ 90 മില്ലിമീറ്റർ വരെ കനത്ത മഴ ലഭിക്കുമെന്ന ദേശീയ ദുരന്ത നിവാരണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ മുൻനിർത്തി നാളെ അവധി നൽകിയത്. വിദൂര പഠനം/ജോലി ഓപ്ഷനോടെയാണ് ഒമ്പത് ഗവർണറേറ്റുകളിലെ എല്ലാ സ്‌കൂളുകളും സ്വകാര്യ, പൊതുമേഖലകളിലെ ജോലികളും താൽക്കാലികമായി നിർത്തിവച്ചത്.