ഒമാനിലെ നക്ഷത്ര ഹോട്ടലുകളിലെ വരുമാനം 108 ദശലക്ഷം റിയാലിലേറെ
2024 മെയ് അവസാനത്തോടെയുള്ള കണക്ക് നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷനാണ് പുറത്തുവിട്ടത്
ഒമാനിലെ നക്ഷത്ര ഹോട്ടലുകളിലെ വരുമാനം 108 ദശലക്ഷം റിയാലിലേറെയായി. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്‌ഐ) പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഒമാനിലെ 3 -5 നക്ഷത്രഹോട്ടലുകളുടെ വരുമാനം 2024 മെയ് അവസാനത്തോടെ 108.379 ദശലക്ഷം ഒമാനി റിയാലിലേറെയാണായത്. 2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 10.2 ശതമാനം വർധനവുണ്ടായതായി നാഷണൽ സെന്റർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 98 ദശലക്ഷം റിയാലിലധികമാണ് കഴിഞ്ഞ വർഷം വരുമാനമുണ്ടായിരുന്നത്.
2023 ലെ ഇതേ കാലയളവിൽ 803,442 ആയിരുന്ന ഹോട്ടലിലെ അതിഥികളുടെ എണ്ണം 2024 മെയ് അവസാനത്തോടെ 13.7% ഉയർന്ന് 913,677 ആയി. അതേസമയം, ഹോട്ടൽ താമസ നിരക്ക് 6% വളർച്ച രേഖപ്പെടുത്തി.
എൻ.സി.എസ്.ഐ റിപ്പോർട്ട് അനുസരിച്ച്, ഹോട്ടലുകളിലെ അതിഥികളുടെ എണ്ണത്തിൽ ഒമാനികളാണ് ഒന്നാമത്, അവരുടെ എണ്ണം 306,255 ആയി. 286,980 പേർ യൂറോപ്യൻ അതിഥികളാണ് (19.6% വർധനവ്), 133,771 പേർ ഏഷ്യൻ അതിഥികളാണ് (21% വർധനവ്).
ജിസിസി രാജ്യങ്ങളിൽ നിന്നുള്ള അതിഥികളുടെ എണ്ണം 6.8% ഉയർന്ന് 58,572 ആയി, ആഫ്രിക്കൻ അതിഥികളുടെ എണ്ണം 1.6% ഉയർന്ന് 4,677 ആയി, ഓഷ്യാനിയനിൽ നിന്നുള്ള അതിഥികളുടെ എണ്ണം 13,446 ആയി.