ജിസിസി ട്രാഫിക് പിഴ അടയ്ക്കാനുള്ള വ്യാജസന്ദേശങ്ങൾക്കെതിരെ റോയൽ ഒമാൻ പൊലീസ്

'പൊലീസുകാരായും ഉദ്യോഗസ്ഥരായും അഭിനയിച്ച് നടത്തുന്നത് സംഘടിത ഓൺലൈൻ തട്ടിപ്പ്'

Update: 2024-09-18 06:40 GMT
Advertising

മസ്‌കത്ത്: ജിസിസി ട്രാഫിക് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ്. പൊലീസുകാരായും ഉദ്യോഗസ്ഥരായും അഭിനയിച്ച് നടത്തുന്നത് സംഘടിത ഓൺലൈൻ തട്ടിപ്പാണെന്ന് എക്‌സിൽ ഒമാൻ പൊലീസ് പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി. സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും ബാങ്ക് അക്കൗണ്ട് വിവരം നൽകരുതെന്നും ഓർമിപ്പിച്ചു.



പൊലീസുകാരോ ഉദ്യോഗസ്ഥരോ ആണെന്ന മട്ടിൽ ബന്ധപ്പെടുകയും ജിസിസി ട്രാഫിക് ലംഘനത്തിനുള്ള പിഴകൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആളുകളെ കബളിപ്പിക്കുകയുമാണ് തട്ടിപ്പ് സംഘം ചെയ്യുന്നത്. ജിസിസി ഗതാഗത നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്നും ട്രാഫിക് പിഴകൾ ഉടൻ അടയ്ക്കണമെന്നും ആവശ്യപ്പെടുന്ന ടെക്സ്റ്റ് സന്ദേശം നിരവധി താമസക്കാർക്ക് ലഭിച്ചതായി റിപ്പോർട്ടുണ്ടെന്നാണ് ഒമാൻ പൊലീസ് പറയുന്നത്. പെയ്‌മെന്റിനുള്ള ലിങ്കടക്കമാണ് വ്യാജ സന്ദേശം ലഭിക്കുന്നത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവർ അവരുടെ സ്വകാര്യ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്. ഇത് ചെയ്യുന്നതോടെ തട്ടിപ്പുകാർ അക്കൗണ്ടിൽ നിന്ന് തുക തട്ടിയെടുക്കുകയാണ് ചെയ്യുന്നത് -ഒമാൻ പൊലീസ് മുന്നറിയിപ്പിൽ പറഞ്ഞു.

അജ്ഞാത സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും സ്വകാര്യ, ബാങ്കിംഗ് വിവരം വെളിപ്പെടുത്തരുതെന്നും റോയൽ ഒമാൻ പൊലീസ് ഓർമിപ്പിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News