ഇലക്ട്രോണിക് വിസ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് സംവിധാനമൊരുക്കി റോയൽ ഒമാൻ പൊലീസ്
ഒമാനിൽ എത്തിച്ചേരുന്നതിന്റെ നാല് ദിവസം മുമ്പെങ്കിലും വിസാ അപേക്ഷ സമർപ്പിക്കണം
മസ്‌കത്ത്: ഇലക്ട്രോണിക് വിസ എളുപ്പത്തിൽ ലഭിക്കാനുള്ള സംവിധാനമൊരുക്കി റോയൽ ഒമാൻ പൊലീസ്. ടുറിസം, ജോലി തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ഒമാനിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഇലക്ട്രോണിക് വിസ നടപടികൾ എളുപ്പമാകും. ഒമാനിൽ ടൂറിസം സീസൺ ആരംഭിച്ചതോടെ ആയിരകണക്കിന് ആളുകളാണ് വിസക്കായി അപേക്ഷിക്കുന്നത്. ഇത് മുന്നിൽ കണ്ടാണ് റോയൽ ഒമാൻ പൊലീസ് നടപടികൾ എളുപ്പമായിരിക്കുന്നത്.
തൊഴിലുടമ, തൊഴിലുടമ അല്ലാത്തവർ, ജി.സി.സി രാജ്യങ്ങളിൽ താമസിക്കുന്നവർ തുടങ്ങിയവർക്കെല്ലാം ടൂറിസ്റ്റ് വിസക്കായി അപേക്ഷിക്കാവുന്നതാണ്. ഒമാനിൽ എത്തിച്ചേരുന്നതിന്റെ നാല് ദിവസം മുമ്പെങ്കിലും വിസാ അപേക്ഷ സമർപ്പിക്കണം. അപേക്ഷകളുടെ നില അനുസരിച്ച് നടപടിക്രമങ്ങളുടെ സമയം വ്യത്യാസപ്പെട്ടേക്കാം. റോയൽ ഒമാൻ പൊലീസിൻറെ വെബ്സൈറ്റ് സന്ദർശിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ വിസ ലഭിക്കും. എക്സ്പ്രസ്സ് വിസക്ക് ഒരു മാസം, രാജ്യത്തെ തൊഴിലുടമയുമായി ബന്ധപ്പെട്ട വിസക്ക് മൂന്ന് മാസം, തൊഴിലുടമയല്ലാത്ത വിസക്ക് ഒരു മാസം എന്നിങ്ങനെയാണ് കാലാവധി. സ്പോൺസേഡ് ടൂറിസ്റ്റ് വിസയും, എക്സ്പ്രസ്സ് വിസയും ഇലക്ട്രോണിക് വിസ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.