ആർ.എസ്.സി ഒമാന്‍ സാഹിത്യോത്സവ്; സീബ് സോണ്‍ ജേതാക്കള്‍

സാഹിത്യകാരൻ പി. സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു

Update: 2023-10-30 14:04 GMT
Advertising

ഒമാനിലെ പ്രവാസി വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി ആർ.എസ്.സി കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച പതിമൂന്നാമത് പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. സലാല ഷഹനോത്തിലെ വിശാലമായ ഫാം ഹൗസിൽ നടന്ന സമാപന സംഗമത്തില്‍ സാഹിത്യകാരൻ പി.സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു.

നാലു വിഭാഗങ്ങളില്‍ 60 ഇനങ്ങളിലായി നടന്ന ദേശീയ മത്സരത്തിൽ 243 പോയിന്റുകളുമായി സീബ് സോണ്‍ ജേതാക്കളായി. മസ്‌കത്ത്, സലാല സോണുകള്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 300 ഓളം മത്സരാർത്ഥികളാണ് ഒമ്പത് വേദികളിലായി നടന്ന മത്സരങ്ങളില്‍ മാറ്റുരച്ചത്. 

മാപ്പിളപ്പാട്ട്, ഖവാലി, പ്രസംഗം, കവിത പാരായണം, സൂഫി ഗീതം തുടങ്ങിയ ഇനങ്ങളിലും മത്സരങ്ങൾ നടന്നു. കലാ പ്രതിഭയായി തൗഫീഖ് അസ്ലം (ബൗഷര്‍ സോണ്‍), പുരുഷ വിഭാഗം സര്‍ഗ പ്രതിഭയായി ആദില്‍ അബ്ദുള്ള മയാന്‍ (മസ്‌കത്ത് സോണ്‍), വനിതാ വിഭാഗം സര്‍ഗ പ്രതിഭയായി അഫ്ര അബ്ദുല്‍ ജബ്ബാര്‍ (ബര്‍ക സോണ്‍) എന്നിവരെ തെരഞ്ഞടുത്തു.

സാംസ്കാരിക സമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീല്‍ അല്‍ ബുഖാരി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ആര്‍ എസ് സി നാഷനൽ ചെയര്‍മാന്‍ കെപിഎ വഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

അബ്ദുല്‍ ഹാലിഖ് ബിന്‍ സലീം (മിര്‍ബാത്ത് മുനിസിപ്പാലിറ്റി), അഹ്മദ് ഫറ സലീം ബയ്ത് ജബല്‍ (വാലി ഓഫീസ് സലാല), ബദി ഫദല്‍ റിയാദ് ബയ്ത്ത് സുറൂര്‍ (വാലി ഓഫീസ് സലാല) എന്നിവര്‍ അതിഥികളായിരുന്നു.

കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ , ഡോ. അബൂബക്കർ സിദ്ദീഖ്, പവിത്രന്‍ കാരായി , ഐസിഎഫ് സലാല പ്രസിഡന്റ് സുലൈമാന്‍ സഅദി, നാസറുദ്ദീന്‍ സഖാഫി കോട്ടയം, നിഷാദ് അഹ്‌സനി എന്നിവർ സംബന്ധിച്ചു.

വിവിധ സംഘടന പ്രതിനിധികളായ അബ്ദുല്‍ ലത്തീഫ് ഫൈസി തിരുവള്ളൂർ, ഷബീര്‍ കാലടി, ലത്തീഫ് അമ്പലപ്പാറ, ഉസ്മാന്‍ വാടാനപ്പള്ളി, ഡോ. നിഷ്താർ , ലത്തീഫ് സുള്ള്യ എന്നിവർ ആശംസകൾ നേർന്നു. നാസര്‍ ലത്വീഫി, മുനീബ് ടികെ, വി.എം ശരീഫ് സഅദി തുടങ്ങിയവർ നേത്യത്വം നൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News