ഒമാനിലെ ഏറ്റവും വലിയ മൃഗശാല സഫാരി വേൾഡ് തുറന്നു; കാണാനത്തെിയത് നിരവധി പേർ

രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴ് വരെയാണ് പാർക്ക് തുറക്കുക

Update: 2024-04-12 06:29 GMT

Safari World

Advertising

ഒമാനിലെ ഏറ്റവും വലിയ മൃഗശാലയായ ഇബ്രയിലെ സഫാരി വേൾഡ് തുറന്നു. സഫാരി വേൾഡ് തുറന്ന ആദ്യ ദിവസം തന്നെ ധാരാളം സന്ദർശകർ സ്ഥലത്തെത്തി.. 300ലേറെ മൃഗങ്ങളാണ് വടക്കൻ ഷർഖിയ ഗവർണറേറ്റിലെ ഈ മൃഗശാലയിലുള്ളത്. പെരുന്നാൾ പ്രമാണിച്ച് സഫാരി വേൾഡ് അധികൃതർ സന്ദർശകർക്കായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.

'ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്ക് ഈദുൽ ഫിത്വർ വേളയിൽ ഞങ്ങൾ ഊഷ്മളമായ ആശംസകൾ അറിയിക്കുന്നു. ഈദ് അവധിക്കാലത്ത് ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. എല്ലാ വിഭാഗങ്ങൾക്കും 3 ഒമാനി റിയാൽ എന്ന പ്രത്യേക നിരക്കിലും നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായും ടിക്കറ്റ് ഇപ്പോൾ നേടാം. ഞങ്ങളെ സന്ദർശിക്കൂ, അനുഗ്രഹീതമായ ഈദുൽ ഫിത്വർ വേളയിൽ നിങ്ങളുടെ കുടുംബത്തോടൊപ്പം രസകരവും സന്തോഷകരവുമായ സമയങ്ങൾ ആസ്വദിക്കൂ' സഫാരി വേൾഡ് അധികൃതർ പറഞ്ഞു.

 

രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴ് വരെയാണ് പാർക്ക് തുറക്കുക. യൂറോപ്പ്, ആസ്ത്രേലിയ, ആഫ്രിക്ക, റഷ്യ, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 300-ലധികം ഇനം മൃഗങ്ങളും അറബ് പ്രദേശങ്ങളിൽ നിന്നും ഒമാനിൽ നിന്നുമുള്ള മൃഗങ്ങളും മൃഗശാലയിലുണ്ട്. 150,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള 'സഫാരി വേൾഡ്' മൃഗശാല വലുപ്പത്തിലും മൃഗങ്ങളുടെ എണ്ണത്തിലുമാണ് രാജ്യത്തെ ഏറ്റവും വലുതെന്ന പദവി വഹിക്കുന്നത്. വാട്ടർ തീം പാർക്ക്, കുടുംബങ്ങൾക്കായുള്ള വിനോദ കേന്ദ്രവും ഈ മൃഗശാലയുടെ ഭാഗമാണ്.

അതേസമയം, മസ്‌കത്ത് ഗവർണറേറ്റിലെ അൽ ഖുറം നാച്ച്വറൽ പാർക്കിൽ ഈദ് ആഘോഷ പരിപാടികൾ തുടരുകയാണ്. 'ഈ സന്തോഷകരമായ ദിവസങ്ങളിൽ വിനോദവും ആസ്വാദനവും നൽകാനാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി ശ്രമിക്കുന്നത്. ഏപ്രിൽ 10 ബുധനാഴ്ച മുതൽ ഏപ്രിൽ 20 ശനിയാഴ്ച വരെ ഖുറം നാച്ച്വറൽ പാർക്കിൽ ഈദിന്റെ സന്തോഷം ആഘോഷിക്കാൻ നിങ്ങളെ ക്ഷണിക്കുന്നു' മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.

Safari World, the largest zoo in Oman, has opened

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News