ചെറിയ പെരുന്നാൾ: 198 തടവുകാർക്ക് മോചനം നൽകി ഒമാൻ സുൽത്താൻ
89 പേർ പ്രവാസികൾ
ഒമാനിൽ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 198 തടവുകാർക്ക് മോചനം നൽകി സുൽത്താൻ ഹൈതം ബിൻ താരിഖ്. ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് സുൽത്താൻ തടവുകാർക്ക് മാപ്പ് നൽകിയത്. ഇതിൽ 89 പേർ പ്രവാസികളാണ്. കഴിഞ്ഞ വർഷം 304 തടവുകാർക്കായിരുന്നു മാപ്പ് നൽകിയത്. ഇതിൽ 108പേർ വിദേശികളായിരുന്നു.
ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് ഒരുങ്ങി നാടും നഗരവും
ഒമാനിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് ഒരുങ്ങി നാടും നഗരവും. ഇനിയുള്ള ദിവസങ്ങളിൽ വസ്ത്രങ്ങളും ഉൽപന്നങ്ങളും വാങ്ങുന്ന തിരക്കിലായിരിക്കും ഒമാൻ സ്വദേശികളും പ്രവാസികളും.
ഒമാനിൽ പെരുന്നാളിന്റെ ഭാഗമായി പരമ്പരാഗത ചന്തകളിലും സൂഖുകളിലും തിരക്ക് ആരംഭിച്ചു. പെരുന്നാൾ സീസണിൽ ഉടുപ്പുകളും സുഗന്ധ ദ്രവ്യങ്ങളും അനുബന്ധ ഉൽപന്നങ്ങളുമാണ് ഏറ്റവും കൂടുതൽ വിറ്റഴിയുന്നത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കന്നുകാലി വ്യാപാരവും വർധിച്ചിട്ടുണ്ട്. ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഗ്രാമീണ ചന്തകളിൽ തിരക്കേറുകയാണ്. ഈദ് ഹബ്ത എന്ന പേരിലാണ് ഗ്രാമീണ ചന്തകൾ അറിയപ്പെടുന്നത്. പ്രദേശങ്ങളിലെ പരമ്പരാഗത സൂഖുകളാണ് മിക്ക സ്ഥലങ്ങളിലും ചന്തകൾ പ്രവർത്തിക്കുന്നത്.
ഗ്രാമീണ ചന്തകളിൽ ഒമാൻ സ്വദേശികളും പ്രവാസികളുമായി ആയിരക്കണക്കിന് പേരാണ് എത്തുന്നത്. കന്നുകാലികൾ അടക്കം പെരുന്നാളിന് ജനങ്ങൾക്ക് വേണ്ട എല്ലാ വസ്തുക്കളും ചന്തയിലൂടെ ലഭിക്കും. വസ്ത്രങ്ങൾ, കളി കോപ്പുകൾ, ഫാൻസി ആഭരങ്ങൾ, ഈത്തപ്പഴം, ഒമാൻ ഹലുവ എന്നിവ വാങ്ങുന്നതിനും ആവശ്യക്കാർ ഏറെയാണ്. ഹബ്ത നടക്കുന്ന വിലായതിൽ നിന്ന് മാത്രമല്ല, അയൽ വിലായതുകളിൽ നിന്നു പോലും ഗ്രാമീണ ചന്തകളിലേക്ക് ആളുകൾ എത്തുന്നുണ്ട്.