ഒമാനിലേക്കുള്ള പ്രവേശനവിലക്ക് നാളെ അവസാനിക്കും
ഒമാനില്‍ അംഗീകരിച്ച വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുക. ഒമാനിലെത്തുന്നതിന് 14 ദിവസം മുമ്പ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചിരിക്കണം.
ഒമാനിലേക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നാളെ അവസാനിക്കും. ഉച്ചക്ക് 12 മണിയോടെ ആണ് നാല് മാസം നീണ്ടു നിന്ന വിലക്ക് നീങ്ങുക.
ഒമാനില്‍ അംഗീകരിച്ച വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുക. ഒമാനിലെത്തുന്നതിന് 14 ദിവസം മുമ്പ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചിരിക്കണം. സാധുവായ റെസിഡന്റ് വിസക്കാര്‍ക്ക് പുറമെ എക്‌സ്പ്രസ്, സന്ദര്‍ശന വിസകളുള്ളവര്‍ക്കും യാത്രാനുമതി ലഭിക്കും.
72 മണിക്കൂര്‍ സമയത്തിനിടയിലെ പി.സി.ആര്‍ പരിശോധനാ ഫലം കൈവശമുള്ളവര്‍ക്ക് സമ്പര്‍ക്ക വിലക്കില്‍ നിന്ന് ഇളവ് ലഭിക്കും. ഒമാനില്‍ നിന്ന് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും വരാം. ഇവര്‍ക്ക് ഒമാനിലെത്തിയ ശേഷം പി.സി.ആര്‍ പരിശോധനയും ഒരാഴ്ചത്തെ സമ്പര്‍ക്കവിലക്കും എട്ടാമത്തെ ദിവസം പി.സി.ആര്‍ പരിശോധനയുമുണ്ടാകും. ഒമാനിലെത്തി വൈകാതെ രണ്ടാമത്തെ ഡോസ് എടുക്കുകയും വേണം. ക്യു.ആര്‍ കോഡുള്ള വാക്‌സിന്‍, പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുകളാണ് യാത്രക്കാരുടെ കൈവശം ഉണ്ടാകേണ്ടത്. കര അതിര്‍ത്തികളും നാളെ മുതല്‍ തുറക്കും. വാക്‌സിനെടുത്ത, കോവിഡ് പരിശോധനാ ഫലം കൈവശമുള്ളവര്‍ക്കാണ് പ്രവേശനം അനുവദിക്കുക.