ഒമാനിൽ നിന്നുള്ള ഏക മലയാളി ഹജ്ജ് സംഘം സൗദിയിലെത്തി
ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയത്തിൻറെ സഹകരത്തോടെ മസ്‌കത്ത് സുന്നി സെൻ്ററാണ് ഹജ്ജ് യാത്ര സംഘടിപ്പിക്കുന്നത്
മസ്കത്ത്: ഒമാനിൽ നിന്നുള്ള ഏക മലയാളി ഹജ്ജ് സംഘം വിശുദ്ധ കർമത്തിനായി സൗദി അറേബ്യയിൽ എത്തി. ജിദ്ദയിലെത്തിയ സംഘം ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മദീനയിലേക്ക് പോവുക. ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയത്തിൻറെ സഹകരത്തോടെ മസ്‌കത്ത് സുന്നി സെന്ററാണ് ഹജ്ജ് യാത്ര സംഘടിപ്പിക്കുന്നത്.
മസ്‌കത്തിലെ റൂവി ഖാബൂസ് മസ്ജിദ് പരിസരത്ത് നിന്നും യാത്ര തിരിച്ച സംഘം രാവിലെ പത്തരയേടെയാണ് ജിദ്ദ വിമാനത്താവളത്തിലെത്തിയത്. ഈ വർഷം 60 മലയാളികളാണ് ഒമാനിൽ നിന്നുള്ള മലയാളി ഹജ്ജ് സംഘത്തിലുള്ളത്. സുബ്ഹി നമസ്‌കാരത്തിന് ശേഷം പ്രത്യേക പ്രാർഥനകൾ പൂർത്തിയാക്കിയാണ് റൂവിയിൽ നിന്നും സംഘം യാത്ര തിരിച്ചത്.
എൻ. മുഹമ്മദലി ഫൈസി ഉദ്‌ബോധന പ്രസംഗം നടത്തി. മസ്‌കത്ത് സുന്നിസെൻറർ ഭാരവാഹികളും ഹാജിമാരുടെ ബന്ധുക്കളും മറ്റും യാത്രയപ്പ് ചടങ്ങിൽ സംബന്ധിച്ചു. ശൈഖ് അബ്ദുറഹ്‌മാൻ മൗലവിയാണ് ഹജ്ജ് യാത്ര സംഘത്തെ നയിക്കുന്നത്. മലയാളി ഹജ്ജ് ഗ്രൂപ്പിൽ എല്ലാ സംഘടനാ വിഭാഗങ്ങളും ഉൾപ്പെടുന്നതും മറ്റൊരു പ്രത്യേകതയാണ്. ഈ വർഷം ഒമാനിൽ നിന്ന് 500 വിദേശികൾക്കാണ് ഹജ്ജ് യാത്രക്ക് അവസരം അനുവദിച്ചത്.