ഒമാൻ സുൽത്താനും ജോർദാൻ രാജാവും പരസ്പരം ബഹുമതികൾ കൈമാറി
ഒമാൻ സുൽത്താന്റെ രണ്ട് ദിവസം നീണ്ടു നിൽകുന്ന ജോർദാൻ സന്ദർശനത്തിലാണ് ബഹുമതികൾ കൈമാറിയത്.
അമ്മാൻ : ഒമാൻ സുൽത്താൻ ഹൈത്തം ബിൻ താരിഖും ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനും പരസ്പരം ബഹുമതികൾ കൈമാറി. ഒമാൻ സുൽത്താന്റെ രണ്ട് ദിവസം നീണ്ടു നിൽകുന്ന ജോർദാൻ സന്ദർശനത്തിലാണ് ബഹുമതികൾ കൈമാറിയത്.
ഒമാനിലെ ഏറ്റവും ഉയർന്ന മെഡലായ 'ഓർഡർ ഓഫ് അൽ സെയ്ദ്' ഒമാൻ സുൽത്താൻ ജോർദാൻ രാജാവിന് നൽകി.ഒമാനും ജോർദാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ആഴവും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സാഹോദര്യ ബന്ധവും എടുത്തുകാണിക്കുന്നതാണിത്.
അതേസമയം, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ ഒമാൻ സുൽത്താന് 'ഓർഡർ ഓഫ് അൽ-ഹുസൈൻ ബിൻ അലി' സമ്മാനിച്ചു. ഏറ്റവും ഉയർന്ന ജോർദാനിയൻ മെഡലാണിത്. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ആഴത്തിൽ വേരൂന്നിയ ചരിത്ര ബന്ധങ്ങളിലുള്ള അഭിമാനവും ഒമാനിലെയും ജോർദാനിലെയും ജനത തമ്മിലുള്ള ഉയർന്ന ബന്ധവും മെഡലുകൾ കൈമാറുന്നതിലൂടെ ഭരണാധികാരികൾ പങ്കുവെച്ചു.