ബഹ്‌റൈൻ സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ മടങ്ങി
ബഹ്റൈനും ഒമാനും തമ്മിലുള്ള നിരവധി കരാറുകളിലും ഒപ്പു വച്ചു
മസ്‌ക്കത്ത്: രണ്ട് ദിവസത്തെ ഔദ്യോഗിക ബഹ്റൈയിൻ സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ മടങ്ങി.ബഹ്റൈയിനിൽ എത്തിയ സുൽത്താന് ഊഷ്മളമായ വരവേൽപ്പായിരുന്നു ലഭിച്ചത്. ഒമാൻ സുൽത്താനെയും പ്രതിനിധി സംഘത്തേയും ബഹറൈൻ രാജാവ് നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ബഹ്റൈനും ഒമാനും തമ്മിലുള്ള നിരവധി കരാറുകളിലും ഒപ്പുവച്ചു.
ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും ബഹ്റൈൻ ഭരണാധികാരി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും തമ്മിൽ നടത്തിയ ചർച്ചയിൽ പുതിയ മേഖലകളിലേക്ക് ബന്ധം വ്യാപിപ്പിക്കാൻ ധാരണയായി. സാമ്പത്തികം, വ്യാപാരം, നിക്ഷേപം എന്നിവ ഉൾപ്പെടെ എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കും. രണ്ട് രാജ്യങ്ങളിലെയും സ്വകാര്യ മേഖലകൾ തമ്മിൽ സഹകരണം ശക്തമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
വ്യാപാര പ്രതിനിധി സംഘങ്ങളുടെ പരസ്പര സന്ദർശനവും വ്യാപാര വർധനയും പ്രധാന ലക്ഷ്യങ്ങളാണ്. ഇരു രാജ്യങ്ങളും തമ്മിൽ നിക്ഷേപവും വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനായി ബഹ്റൈൻ-ഒമാൻ ഇൻവെസ്റ്റ്മെന്റ് കമ്പനി രൂപവത്കരിക്കും. ഇതുസംബന്ധിച്ച കരാറിൽ ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻറ് ഇൻഡ്സട്രിയും ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയും ഒപ്പുവെച്ചു. യെമനിൽ ശാശ്വതമായ വെടിനിർത്തൽ ഉറപ്പ് വരുത്തുന്നതിന് ഐക്യരാഷ്ട്ര സഭയുടെ നിരന്തരമായ ശ്രമം ഉണ്ടാകണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.