പകർച്ച വ്യാധി, സാംക്രമിക രോഗങ്ങൾ: ഒമാനിൽ ചികിത്സ പ്രവാസികൾക്കും സൗജന്യമാക്കും
ഡെങ്കിപ്പിനി അടക്കമുള്ള സാംക്രമികരോഗങ്ങളുടെ ചികിത്സയ്ക്ക് ഇനി പ്രവാസികൾ പണം നൽകേണ്ടി വരില്ല.
മസ്കത്ത്: ഒമാനിൽ പകർച്ച വ്യാധികൾ, സാംക്രമിക രോഗങ്ങൾ എന്നിവ പിടിപെട്ടാൽ ചികിത്സ പ്രവാസികൾക്കും സൗജന്യമാക്കും. ഇതുമായി ബന്ധപ്പെട്ട് 32 പകർച്ചവ്യാധി രോഗങ്ങളുടെ പട്ടിക ഒമാൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
ഇതോടെ, ഡെങ്കിപ്പിനി അടക്കമുള്ള സാംക്രമികരോഗങ്ങളുടെ ചികിത്സയ്ക്ക് ഇനി പ്രവാസികൾ പണം നൽകേണ്ടി വരില്ല. പൊതുജന ആരോഗ്യത്തിന് ഭീഷണിയായ ഇത്തരം രോഗങ്ങളുടെ ചികിത്സ സൗജന്യമാക്കുന്നത് ഇവ പടരുന്നത് തടയാൻ സഹായകമാവും. നിലവിൽ പല രോഗങ്ങളുടെയും ചികിത്സ ചെലവേറിയതായതിനാൽ പ്രവാസികളിൽ പലരും ചികിത്സ തേടാറില്ല.
കുറഞ്ഞ ശമ്പളക്കാരായ പലർക്കും ആശുപത്രികളിൽ നൽകാൻ പണമില്ലാത്തതാണ് ചികിത്സയിൽ നിന്ന് അകന്ന് നിൽക്കാൻ പ്രധാന കാരണം. രോഗം മൂർഛിക്കുന്ന അവസാന ഘട്ടത്തിലാണ് ഇവർ ആശുപത്രികളിൽ എത്തുന്നത്. ഇത് സാംക്രമിക രോഗങ്ങൾ വ്യാപിക്കാൻ കാരണമാക്കുന്നുണ്ട്.
പുതിയ തീരുമാനം നടപ്പാവുന്നതോടെ ഇത്തരം വിഷയങ്ങൾ പരിഹരിക്കാൻ സഹായകമാവും. സാമൂഹിക സുരക്ഷാ പട്ടികയിൽപെട്ട വ്യക്തികൾ കുടുംബങ്ങൾ, സാമൂഹിക സുരക്ഷാ മന്ത്രാലയത്തിനു കീഴിൽ കഴിയുന്ന അനാഥകൾ, അംഗവൈകല്യം രജിസ്റ്റർ ചെയ്ത സ്വദേശികൾ, രണ്ട് വയസിന് താഴെയുള്ള കുട്ടികൾ, സ്വദേശി ഗർഭിണികൾ തുടങ്ങിയവരും ഫീസിളവിന്റെ പരിധിയിൽ വരും. സ്വദേശികളായ ഹൃദ്യോഗികൾ, കാൻസർ രോഗികൾ, തടവുകാരുടെ കുടുംബങ്ങൾ, സ്കൗട്ട്, ഗൈഡ് എന്നിവരും ഫീസിളവിൽ ഉൾപ്പെട്ടിട്ടുണ്ട്.