ലബനനിലും ഗസ്സയിലും ചെങ്കടൽ മേഖലകളിലും അടിയന്തരമായി വെടിനിർത്തണം: ഒമാൻ

യു.എൻ പൊതുസഭയുടെ 79ാം സെഷനിൽ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്

Update: 2024-09-29 17:51 GMT
Advertising

മസ്‌കത്ത്:ലബനാനിലും ഗസ്സയിലും ചെങ്കടൽ മേഖലകളിലും അടിയന്തരമായി വെടിനിർത്തണമെന്ന് ഒമാൻ. യു.എൻ പൊതുസഭയുടെ 79ാം സെഷനിൽ സംസാരിക്കവേ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

1967ലെ അതിർത്തിയുടെ അടിസ്ഥാനത്തിൽ കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും ഫലസ്തീന് ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വം നൽകണമെന്നും സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി പറഞ്ഞു. ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന വംശഹത്യ നയങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിൽ ഐക്യരാഷ്ട്രസഭക്ക് ഒമാൻ പൂർണ പിന്തുണനൽകുകയാണ്. വികസനത്തിനും നല്ല ജീവിതത്തിനും ഐക്യരാഷ്ട്രസഭയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് യു.എൻ ചാർട്ടറോടുള്ള ഒമാന്റെ പ്രതിബദ്ധതയും ബദർ വ്യക്തമാക്കി. എല്ലാ വെല്ലുവിളികളെയും പ്രശ്നങ്ങളെയും അഭിമുഖീകരിക്കുന്നതിനായി സംഭാഷണവും സഹിഷ്ണുതയും ഉൾക്കൊള്ളുന്ന ഉറച്ച കാഴ്ചപ്പാടിലാണ് ഒമാന്റെ വിദേശനയം സ്ഥാപിച്ചിരിക്കുന്നത്. ഇത് സമാധാനം കൈവരിക്കാനും പരസ്പര ബഹുമാനം, സഹകരണം, രാഷ്ട്രങ്ങൾ തമ്മിലുള്ള ഐക്യം എന്നിവ കെട്ടിപ്പടുക്കാനും ലക്ഷ്യമിട്ടാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

സംഘട്ടനങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് നിയമാനുസൃതവും സമാധാനപരവുമായ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് ഒമാന്റെ നേതൃത്വവും ജനങ്ങളും വിശ്വസിക്കുന്നത്. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുമ്പോൾ എല്ലാ രാജ്യങ്ങൾക്കും ജനങ്ങൾക്കും സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News