ബുർജ് ഖലീഫയ്ക്ക് മുകളിൽ ഷൂട്ടുമായി എയർ ഹോസ്റ്റസ്; വൈറൽ വീഡിയോ
പരസ്യചിത്രത്തിന്റെ ബിഹൈൻഡ് സീൻ വീഡിയോയും എമിറേറ്റ്സ് എയര്‍ലൈന്‍സ് പുറത്തുവിട്ടിട്ടുണ്ട്
ദുബായ്: ബുർജ് ഖലീഫയുടെ മുകളിൽ കയറി ചിത്രീകരിച്ച എമിറേറ്റ്സ് എയര്‍ലൈനിന്‍റെ പരസ്യ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. സ്കൈ ഡൈവിങ് ഇന്‍സ്ട്രക്ടറായ നിക്കോളെ സ്മിത് ലുഡ്‌വികാണ് പരസ്യ ചിത്രത്തില്‍ എയര്‍ ഹോസ്റ്റസായി അഭിനയിച്ചിട്ടുള്ളത്. 2,722 അടി ഉയരമുള്ള ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ബുര്‍ജ് ഖലീഫ.
പരസ്യ ചിത്രത്തിനായി ഇവരെ ഹെലികോപ്ടറിലാണ് ബുർജ് ഖലീഫയ്ക്ക് മുകളിലെത്തിച്ചത്. എമിറേറ്റ്‌സിന്റെ പരമ്പരാഗത കാബിൻ ക്രൂ വേഷം അണിഞ്ഞെത്തിയ ഇവർ 'ലോകത്തിന്റെ മുകളിൽ ഫ്‌ളൈ എമിറേറ്റ്‌സ്' എന്ന സന്ദേശമാണ് പങ്കുവയ്ക്കുന്നത്. യുകെയിലേക്കുള്ള യാത്ര പുനരാരംഭിച്ചതിന്റെ ഭാഗമായായിരുന്നു പരസ്യ ചിത്രം.
പരസ്യചിത്രത്തിന്റെ ബിഹൈൻഡ് സീൻ വീഡിയോയും എയർലൈൻസ് പുറത്തുവിട്ടിട്ടുണ്ട്. കെട്ടിടത്തിന്റെ മുകളിൽ എങ്ങനെ നില്‍ക്കണം എന്നതടക്കമുള്ള കാര്യങ്ങളാണ് ഈ വീഡിയോയിലുള്ളത്.
പരസ്യചിത്രത്തിൽ അഭിനയിക്കാനായി എമിറേറ്റ്‌സ് ജീവനക്കാർക്കിടയിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. ചിലർ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രൊഫഷണൽ സ്‌കൈ ഡൈവിങ് ഇൻസ്ട്രക്ടറായ ലുഡ്‌വികിൽ എയര്‍ലൈന്‍ വിശ്വാസമർപ്പിക്കുകയായിരുന്നു. ഒരു മണിക്കൂർ 15 മിനിറ്റ് സമയമെടുത്താണ് കോപ്ടറിൽ ലുഡ്‌വിക് കെട്ടിടത്തിന്റെ മുകളിലെത്തിയത്.