പന്തുരുളാൻ ആറ് ദിനങ്ങൾ മാത്രം; ആരോഗ്യ സംരക്ഷണത്തിന് മെബൈൽ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജം
ആദ്യമത്സരത്തിൽ ഖത്തറിനെ നേരിടേണ്ട ഇക്വഡോറുകാർ നാളെ വിമാനമിറങ്ങും.
കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന് പന്തുരുളാൻ ഇനി ആറ് ദിനങ്ങൾ മാത്രം. ഇന്നും നാളെയുമായി എട്ട് ടീമുകൾ കൂടി ദോഹയിലെത്തും. കളി കാണാനെത്തുന്നവരുടെ ആരോഗ്യസംരക്ഷണത്തിനായി വിവിധ സ്റ്റേഡിയങ്ങളിലായി തയ്യാറാക്കുന്ന മൊബൈൽ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജമായി.
ഇന്ന് നാല് ടീമുകളാണ് ദോഹയിലെത്തുന്നത്. ആഗതരാകുന്നവരില്‍ സ്വിറ്റ്സർലണ്ടും ഇറാനും തുണീഷ്യയും പിന്നെ ഏഷ്യയുടെ ആശകൾ പേറി ദക്ഷിണ കൊറിയയും ആയിരം ചിറകുള്ള സ്വപ്നങ്ങളുമായി സാക്കയും ഷാഖീരിയും സണ്‍ ഹ്യൂങ് മിന്നും സര്‍ദാര്‍ അസ്മൂനും മണൽപ്പരപ്പിൽ കാലൂന്നുന്നു.
ആദ്യമത്സരത്തിൽ ഖത്തറിനെ നേരിടേണ്ട ഇക്വഡോറുകാർ നാളെ വിമാനമിറങ്ങും. ആരംഭമാഘോഷമാക്കാന്‍ ആവനാഴിയിലെ അസ്ത്രങ്ങളത്രയും മൂർച്ചകൂട്ടി ആതിഥേയര്‍ കാത്തിരിക്കുകയാണ്. ആരാധകരുടെ ആരോഗ്യസംരക്ഷണത്തിന് ഏറ്റവും മുന്തിയ സംവിധാനങ്ങളുമായി 60 പ്രത്യേക മെഡിക്കല്‍ ടീമുകളാണ് വിവിധ സ്റ്റേഡിയങ്ങളില്‍ സജ്ജമായിരിക്കുന്നത്.