ഓപ്പറേഷൻ കാവേരിക്ക് തുടക്കമായി; 278 ഇന്ത്യക്കാരുമായി ഇന്ത്യൻ നാവിക സേനാ കപ്പൽ പുറപ്പെട്ടു
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ജിദ്ദയിലെത്തി
ജിദ്ദ: ആഭ്യന്തര കലാപത്തെ തുടർന്ന് സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ഓപ്പറേഷൻ കാവേരിക്ക് തുടക്കമായി . സുഡാനിൽ നിന്ന് 278 ഇന്ത്യക്കാരുമായി നാവിക സേനയുടെ ആദ്യ കപ്പൽ സൗദിയിലേക്ക് പുറപ്പെട്ടു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ജിദ്ദയിലെത്തി .
മുവ്വായിരത്തോളം ഇന്ത്യക്കാരാണ് സുഡാനിൽ കഴിയുന്നത്. ഇതിൽ അഞ്ഞൂറോളം പേർ സുഡാനിലെ തുറമുഖത്ത് എത്തിയിരുന്നു. ഇവരിൽ 278 പേരുമായുള്ള ആദ്യ കപ്പലാണ് ഇന്ന് പുറപ്പെട്ടത്. ഇത് മണിക്കൂറുകൾക്ക് ശേഷം ജിദ്ദയിലെത്തും. ഇവരെ ഇന്ത്യൻ കോൺസുലേറ്റിന് കീഴിലാണ് താമസിപ്പിക്കുക. ഇതിന് ശേഷം ഇവരെ വിമാനങ്ങളിൽ നാട്ടിലെത്തിക്കാനാണ് പദ്ധതി. ഇന്ത്യക്കാരുടെ രക്ഷാ പ്രവർത്തനത്തിന് കേന്ദ്ര മന്ത്രി വി. മുരളീധരനാണ് മേൽനോട്ടം വഹിക്കുന്നത്.
72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ വിദേശികളെ രക്ഷപ്പെടുത്താനുള്ള വഴി തേടുകയാണ് സൗദി അറേബ്യ. നേരത്തെയും വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഏറ്റുമുട്ടൽ രൂക്ഷമായിരുന്നു. പുറത്തിറങ്ങുന്നവർക്ക് നേരെ കൊള്ളയും വ്യാപകമാണ്. കനത്ത ഏറ്റുമുട്ടലുള്ള സുഡാനിലെ ഖാർത്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികിൽ നിന്നും 800 കി.മീ സഞ്ചരിച്ച് വേണം സുഡാൻ തുറമുഖത്തെത്താൻ. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സുഡാനിൽ നിന്നും ഇന്ത്യകകാരെ നേരിട്ട് രക്ഷപ്പെടുത്താനായി രണ്ട് വ്യോമസേനാ വിമാനങ്ങൾ ജിദ്ദയിലെത്തിയിരുന്നു. സുഡാനിലേക്ക് നേരിട്ട് പറക്കാനാകാത്ത സാഹചര്യത്തിലാണിവ ജിദ്ദയിൽ തുടരുന്നത്. ജിദ്ദയിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടു പോകാനും ഈ വിമാനം ഉപയോഗിക്കാനാകും. ചാർട്ടേഡ് വിമാനങ്ങളുപയോഗിച്ച് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനും ശ്രമമുണ്ട്.