വിദേശികള്‍ക്ക് ആശ്വാസം; കുവൈത്തിൽ ഭാഗികമായി കുടുംബ വിസ അനുവദിക്കും
ആഗസ്റ്റിലാണ് കുവൈത്തിൽ കുടുംബവിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്.
കുവൈത്തിന് പുറത്ത് ജനിച്ച കുഞ്ഞുങ്ങള്‍ക്ക് കുടുബവിസ അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോർട്ട്. അൽ അൻബ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ആഗസ്റ്റിലാണ് കുവൈത്തിൽ കുടുംബവിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്. ഡോക്ടർമാർ, യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്ക് വിസ അനുവദിക്കുന്നതില്‍ നേരത്തെ ഇളവ് നൽകിയിരുന്നു.
മലയാളികള്‍ അടക്കം നൂറുക്കണക്കിന് കുടുംബങ്ങളാണ് ഫാമിലി വിസ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിയതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായത്. മന്ത്രിസഭ രൂപവത്കരണ പ്രഖ്യാപനത്തിനു ശേഷം കുടുംബവിസ അനുവദിക്കുന്ന വിലക്ക് പൂർണമായി മാറ്റുമെന്നാണ് സൂചനകള്‍.
പുതിയ നീക്കം മാസങ്ങളായി കുടുംബത്തെ കൊണ്ടുവരുവാന്‍ കാത്തിരിക്കുന്ന മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് ആശ്വാസമാകും. കുവൈത്തില്‍ സ്ഥിരതാമസക്കാരായ വിദേശികള്‍ക്ക് മൂന്നുമാസ കാലാവധിയുള്ള ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസ ലഭിക്കാന്‍ നിലവിലെ നിയമപ്രകാരം 250 ദിനാര്‍ ആണ് കുറഞ്ഞ ശമ്പളനിരക്ക്.
അതിനിടെ കുറഞ്ഞ ശമ്പളനിരക്ക് വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവും താമസകാര്യ വകുപ്പ് സജീവമായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.