ഹജ്ജിനായി മക്കയൊരുങ്ങുന്നു; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
കർമങ്ങൾ എളുപ്പമാക്കുന്നതിനും താമസ കേന്ദ്രങ്ങൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ഗൂഗിൾ മാപ്പിൽ പ്രത്യേക നിറങ്ങളിൽ താമസ സ്ഥലങ്ങൾ നിർണ്ണയിക്കുകയും, വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.
മക്കയിലും പുണ്യസ്ഥലങ്ങളിലും ഹജ്ജ് ഒരുക്കങ്ങൾ കൂടുതൽ സജീവമായി. തീർത്ഥാടകർക്കുള്ള താമസ കേന്ദ്രങ്ങളിൽ അവസാനഘട്ട ഒരുക്കങ്ങളാണ് നടന്നുവരുന്നത്. കഅബ പ്രദക്ഷിണത്തിനുള്ള സൗകര്യങ്ങൾ വർധിപ്പിക്കുവാൻ കേന്ദ്ര ഹജ്ജ് കമ്മറ്റി തീരുമാനിച്ചു.
ഹജജിന്‍റെ പ്രധാന ചടങ്ങായ അറഫ സംഗമം നടക്കുന്ന അറഫയിൽ തീർത്ഥാടകർക്കുള്ള താമസ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി വിവിധ വിഭാഗങ്ങളുമായി ചേർന്ന് പ്രവർത്തനമാരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. താമസസ്ഥലങ്ങളെ തീർത്ഥാടകരുടെ സ്മാർട്ട് കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
കർമങ്ങൾ എളുപ്പമാക്കുന്നതിനും താമസ കേന്ദ്രങ്ങൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ഗൂഗിൾ മാപ്പിൽ പ്രത്യേക നിറങ്ങളിൽ താമസ സ്ഥലങ്ങൾ നിർണ്ണയിക്കുകയും, വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ആധുനിക സംവിധാനങ്ങളുപയോഗപ്പെടുത്തി മിനയിലും താമസ സൗകരങ്ങൾ ക്രമീകരിച്ച് വരികയാണ്.
ഹജ്ജ് ദിവസങ്ങളിൽ തീർത്ഥാടകർ ചെലവഴിക്കേണ്ട, മിന, മുസ്ദലിഫ, അറഫ, തുടങ്ങിയ പുണ്യസ്ഥലങ്ങളെല്ലാം അണുവിമുക്തമാക്കിയതായി മക്ക മുനിസിപാലിറ്റി അറിയിച്ചു. തീർത്ഥാടകർക്ക് കഅബ പ്രദക്ഷിണം ചെയ്യുന്നതിനുള്ള സൗകര്യം വർധിപ്പിക്കുവാൻ കേന്ദ്ര ഹജ്ജ് കമ്മറ്റി പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്.
കഅബ പ്രദക്ഷിണത്തിനായി ഹറമിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനുമുള്ള കവാടങ്ങളുടെ എണ്ണം വർധിപ്പിക്കും. ത്വവാഫ് കർമം ചെയ്യുവാനുള്ള ട്രാക്കുകളുടെ എണ്ണം 25 ആയി വർധിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. അണുനശീകരണ പ്രവർത്തനങ്ങൾക്ക് മാത്രമായി 5,000 ജീവനക്കാരെ നിയമിക്കും. മക്കയുടെ പ്രവേശന കവാടങ്ങളിൽ നിന്ന് തീർത്ഥാടകരെ ഹറമിലേക്ക് കൊണ്ട് പോകുന്നതിനുള്ള വാഹന സൗകര്യങ്ങളെ കുറിച്ചും പ്രവേശന കേന്ദ്രങ്ങളിലെ ക്രമീകരണങ്ങളെ കുറിച്ചും കേന്ദ്ര ഹജ്ജ് കമ്മറ്റി ചർച്ച ചെയ്തു. തീർത്ഥാടകരുടെ ആരോഗ്യ പരിചരണത്തിനായുള്ള ആശുപത്രികൾ, മൊബൈൽ ക്ലിനിക്കുകൾ, ഹെൽത്ത് സെന്‍ററുകൾ, ഐസൊലേഷൻ റൂമുകൾ എന്നിവയുടെ ക്രമീകരണങ്ങളും അധികൃതർ വിലയിരുത്തി.