യാതനയ്ക്ക് അറുതിയാകട്ടെ; ഗസ്സയിലെ വെടിനിർത്തൽ സ്വാഗതം ചെയ്ത് യുഎഇ
കരാർ യാഥാർഥ്യമാക്കാനായി ശ്രമം നടത്തിയ രാഷ്ട്രങ്ങളെ യുഎഇ വിദേശകാര്യമന്ത്രി അഭിനന്ദിച്ചു
ദുബൈ: ഗസ്സയിലെ വെടിനിർത്തൽ പ്രഖ്യാപനം സ്വാഗതം ചെയ്ത് യുഎഇ. ഫലസ്തീനികൾ അനുഭവിക്കുന്ന യാതനയ്ക്ക് അറുതി വരുത്താൻ കരാറിലൂടെ സാധ്യമാകുമെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. കരാർ യാഥാർഥ്യമാക്കാനായി ശ്രമം നടത്തിയ രാഷ്ട്രങ്ങളെ യുഎഇ വിദേശകാര്യമന്ത്രി അഭിനന്ദിച്ചു.ഗസ്സ മുനമ്പിലെ വെടിനിർത്തൽ കരാറും, ബന്ദികളുടെയും തടവുകാരുടെയും മോചനവും സ്വാഗതാർഹമാണ് എന്നാണ് വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. കരാറിനായി കഠിനാധ്വാനം ചെയ്ത ഖത്തർ, ഈജിപ്ത്, യുഎസ് രാഷ്ട്രങ്ങളുടെ ശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു.
കരാർ ഗസ്സയിലെ യാതനകൾക്ക് അറുതി വരുത്തുമെന്നാണ് പ്രത്യാശിക്കുന്നത്. കൂടുതൽ ജീവനുകൾ നഷ്ടമാകുന്നത് തടയുമെന്നും പ്രതീക്ഷിക്കുന്നു. ഗസ്സയിലെ ദുരന്തപൂർണമായ സാഹചര്യങ്ങളും പ്രതിസന്ധിയും മറികടക്കേണ്ടതുമുണ്ട്. പതിനഞ്ചു മാസമായി ദുരിതത്തിൽ കഴിയുന്ന ഫലസ്തീനികൾക്ക് അടിയന്തര സഹായങ്ങൾ എത്തിക്കേണ്ട ഘട്ടമാണിതെന്നും പ്രസ്താവന ഓർമിപ്പിച്ചു.
ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് ഇസ്രായേൽ-ഫലസ്തീൻ പ്രശ്‌നത്തിന് ശാശ്വത പരിഹാരമെന്നും വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു. പരിഹാരങ്ങൾക്കായി അന്താരാഷ്ട്ര ശ്രമമുണ്ടാകണം. സ്വതന്ത്ര ഫലസ്തീൻ സ്ഥാപിതമാകുകയും വേണം. ഫലസ്തീൻ ജനതയുടെ അവകാശത്തിനും സമാധാനത്തിനും നീതിക്കും യുഎഇ പ്രതിജ്ഞാബദ്ധമാണ് എന്നും ശൈഖ് അബ്ദുല്ല ബിൻ സായിദ് വ്യക്തമാക്കി.