മക്കയിൽ കഅ്ബാലയത്തെ അണിയിച്ച കിസ്‌വയുടെ അടിഭാഗം ഉയർത്തിക്കെട്ടി
അടുത്ത 18ാം തീയതിയോടെയാണ് ഹജ്ജ് കർമങ്ങൾക്ക് തുടക്കമാകുന്നത്. ഇതിന്‍റെ മുന്നോടിയായാണ് കഅ്ബാലയത്തെ അണിയിച്ച കിസ്വ ഉയർത്തിക്കെട്ടിയത്.
മക്കയിൽ കഅ്ബാലയത്തെ അണിയിച്ച കിസ്‌വയുടെ അടിഭാഗം ഉയർത്തിക്കെട്ടി. ഹജ്ജിന് മുന്നോടിയായാണ് കിസ്‌വ ഉയർത്തിക്കെട്ടിയത്. തുടർന്ന് കഅ്ബയുടെ ഭിത്തിയിലും ഹജറുൽ അസ്‌വദിലും അത്തറുകൾ പുരട്ടി.
അടുത്ത 18ാം തീയതിയോടെയാണ് ഹജ്ജ് കർമങ്ങൾക്ക് തുടക്കമാകുന്നത്. ഇതിന്‍റെ മുന്നോടിയായാണ് കഅ്ബാലയത്തെ അണിയിച്ച കിസ്വ ഉയർത്തിക്കെട്ടിയത്. വ്യാഴാഴ്ച രാത്രി ഇശാ നമസ്‌കാരത്തിന് ശേഷം കിസ്വ നിർമാണ കോംപ്ലക്‌സിലെ 37 ജീവനക്കാർ ചേർന്നാണ് കിസ്വയുടെ അടിഭാഗം തറനിരപ്പിൽ നിന്ന് മൂന്ന് മീറ്റർ ഉയരത്തിലേക്ക് ഉയർത്തിക്കെട്ടിയത്.
ഉയർത്തികെട്ടിയ ഭാഗം പിന്നീട് തൂവെള്ള പട്ടുകൊണ്ട് മൂടിക്കെട്ടി. തുടർന്ന് കഅ്ബയുടെ ഭിത്തിയിലും ഹജറുൽ അസ്വദിലും അത്തർ പുരട്ടുകയും ചെയ്തു. ഇരുഹറം കാര്യാലായം മേധാവി ഡോ. അബ്ദുൽ റഹ്മാൻ അൽ സുദൈസ് ചടങ്ങിൽ പങ്കെടുത്തു. സാധാരണ ഹജ്ജ് കാലത്ത് തിരക്കിനിടയിൽ തീർത്ഥാടകരുടെ പിടിവലി മൂലം കേടുപാടുകൾ സംഭവിക്കാതിരിക്കുവാനാണ് കിസ്വ ഉയർത്തിക്കെട്ടാറുള്ളത്.
എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ വർഷം മുതൽ ഹറമിൽ തിരക്കില്ലെങ്കിലും പതിവ് തെറ്റിക്കാതെ കിസ്വ ഉയർത്തിക്കെട്ടുകയായിരുന്നു. തീർത്ഥാടകർ അറഫയിൽ സമ്മേളിക്കുന്ന ദുൽഹജ്ജ് ഒമ്പതിന് കഅബയുടെ കിസ്വ മാറ്റി പുതിയ കിസ്വ അണിയിക്കും. അതിന് ശേഷവും ഹജ്ജ് സീസൺ അവസാനിക്കുന്നത് വരെ കിസ്വ ഉയർത്തിക്കെട്ടിയ നിലയിലാണുണ്ടാകുക.