ഖത്തർ ടീമും റെഡി; ലോകകപ്പ് മികച്ച രീതിയിൽ‍ കാണാൻ നൂതന രീതികൾ ആവിഷ്കരിക്കുമെന്ന് ഫിഫ

ഖത്തറിന്റെ അടയാളസ്തംഭങ്ങളായ 28 കെട്ടിടങ്ങളിൽ 28 താരങ്ങൾ ഗ്രാഫിറ്റിയിലൂടെ തെളിഞ്ഞു വരുന്ന രീതിയിലാണ് പ്രഖ്യാപന വീഡിയോ

Update: 2022-11-12 18:11 GMT
Advertising

ലോകകപ്പ് ഫുട്ബോളിന് പന്തുരുളാന്‍ ഇനി എട്ടുനാള്‍ കൂടി. അര്‍ജന്‍റീനയ്ക്കും ഹോളണ്ടിനും പിന്നാലെ ആതിഥേയരായ ഖത്തറും അന്തിമ സംഘത്തെ പ്രഖ്യാപിച്ചു. ഈ ലോകകപ്പ് ഏറ്റവും മികച്ച രീതിയിൽ കാണുന്നതിനായി നൂതന രീതികള് ആവിഷ്കരിക്കുമെന്ന് ഫിഫ അറിയിച്ചു.

ഇന്നലെ വൈകിയാണ് ഖത്തർ ടീമിനെ പ്രഖ്യാപിച്ച‌ത്. ഖത്തറിന്റെ അടയാളസ്തംഭങ്ങളായ 28 കെട്ടിടങ്ങളിൽ 28 താരങ്ങൾ ഗ്രാഫിറ്റിയിലൂടെ തെളിഞ്ഞു വരുന്ന രീതിയിലാണ് പ്രഖ്യാപന വീഡിയോ. ഇതോടെ മുഴുവൻ ടീമുകളും അന്തിമസംഘങ്ങളെ പ്രഖ്യാപിച്ചു.

നേരിട്ടല്ലാതെ ടെലിവിഷനുൾപ്പെടെയുള്ള മറ്റ് മാർ​ഗങ്ങളിലൂടെ കളി കാണാനുദ്ദേശിക്കുന്ന ലോകത്തെങ്ങുമുള്ള കാണികൾക്ക് ഏറ്റവും നൂതനവും സമഗ്രവുമായ കാഴ്ച്ചാനുഭവം സമ്മാനിക്കാൻ പുതിയ സംവിധാനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഫിഫ അറിയിച്ചു.

ഓഗ്മെന്റഡ് റിയാലിറ്റി വഴി ഓരോ കളിക്കും മുമ്പും ശേഷവും ടീമുകളെയും താരങ്ങളെയും സംബന്ധിച്ച മുഴുവൻ വിവരങ്ങളും കാഴ്ചക്കാരിലെത്തിക്കും. സ്റ്റേഡിയങ്ങളി‍ൽ നടക്കുന്ന ഓരോ ചലനങ്ങളും നൂതന ഗ്രാഫിക്സ് വിദ്യകളുപയോഗിച്ച് മനോഹരമായ രീതിയില്‍ സ്ക്രീനിലെത്തിക്കും.

യോഗ്യരായ 32 കളി സംഘങ്ങള്‍ ഓരോന്നോരോന്നായി ദോഹയുടെ ചൂടുപിടിച്ച മണൽപ്പരപ്പിലേക്ക് വേട്ടയ്ക്കെത്തുകയാണ്. മൊറോക്കോ ടീം നാളെ ദോഹയിൽ വിമാനമിറങ്ങും. പിന്നാലെ കൂടുതൽ ടീമുകള് ദോഹയിലെത്തും.

ടൂർണമെന്റിന് ആവശ്യമായ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് നാവികസേനയുടെ രണ്ട് കപ്പലുകൾ കൂടി ഖത്തറിലെത്തി. ലോകകപ്പിന് സ്വീകരണമോതിക്കൊണ്ട് വിവിധ ആരാധകക്കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന മാർച്ച് പാസ്റ്റുൾപ്പെടെയുള്ള പരിപാടികൾ ദോഹയുടെ വിവിധ ഭാഗങ്ങളിലായി തുടരുകയാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News