ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ ഈവനിങ് ഷിഫ്റ്റിലേക്കുള്ള അഡ്മിഷൻ നടപടികൾ പുരോഗമിക്കുന്നു
കുട്ടികളുടെ ആധിക്യം കാരണം ആറ് ഇന്ത്യൻ സ്‌കൂളുകൾക്കാണ് ഈവനിങ്ഷിഫ്റ്റിൽ ക്ലാസ് തുടങ്ങാൻ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയത്
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ ഈവനിങ് ഷിഫ്റ്റിലേക്കുള്ള അഡ്മിഷൻ നടപടികൾ പുരോഗമിക്കുന്നു. കുട്ടികളുടെ ആധിക്യം കാരണം ആറ് ഇന്ത്യൻ സ്‌കൂളുകൾക്കാണ് ഈവനിങ്ഷിഫ്റ്റിൽ ക്ലാസ് തുടങ്ങാൻ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയത്. ഖത്തറിൽ പുതിയ അധ്യയന വർഷത്തിൽ സ്‌കൂൾ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കുള്ള അവസരമാണ് ഡബിൾഷിഫ്റ്റ് സംവിധാനം.വലിയ സ്വീകാര്യതയാണ് മന്ത്രാലയത്തിന്റെ തീരുമാനത്തിന് ഇന്ത്യൻ സമൂഹത്തിൽ നിന്ന് ലഭിച്ചത്.
അധ്യയന വർഷം പകുതി പിന്നിട്ടിട്ടും മൂവായിരത്തിലേറെ വിദ്യാർഥികൾ പ്രവേശനം ലഭിക്കാതെ പഠനം നിലച്ച സാഹചര്യത്തിലാണ് വിദ്യഭ്യാസ മന്ത്രാലയം ആറ് സ്‌കൂളുകളിൽ ഡബ്ൾ ഷിഫ്റ്റിൽ പുതിയ ക്ലാസുകൾ ആരംഭിക്കാൻ അനുവാദം നൽകിയത്. ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ, എം.ഇഎസ് ഇന്ത്യൻ സ്‌കൂൾ ദോഹ, അബൂഹമൂർ, ദോഹ മോഡേൺ ഇന്ത്യൻ സ്‌കൂൾ , ഐഡിയൽ ഇന്ത്യൻ സ്‌കൂൾ, ലയോള ഇന്ത്യൻ സ്‌കൂൾ എന്നിവടങ്ങളിലാണ് ഉച്ച മുതൽ വൈകുന്നേരം വരെയായി പുതിയ ഷിഫ്റ്റ് ആരംഭിക്കാൻ അനുവാദം നൽകിയത്. രാവിലെ ബാച്ചിലെ കുട്ടികളുടെ അതേ ശേഷിയിൽ തന്നെ ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റിലേക്കും പ്രവേശനം നൽകാൻ മന്ത്രാലയം അനുവാദമുണ്ട്. എന്നാൽ, വിവിധ സ്‌കൂളുകൾ സൗകര്യം കൂടി കണക്കിലെടുത്ത് സീറ്റുകളുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും.
എം.ഇ.എസ് ദോഹ ക്യാമ്പസിൽ കെ.ജി തലം മുതൽ എട്ടാം ക്ലാസ് വരെയും, എം.ഇ.എസ് അബൂഹമൂർ ക്യാമ്പസിൽ ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുമാണ് പ്രവേശനം നൽകുന്നത്. മറ്റു സ്‌കൂളുകളിൽ കെ.ജി മുതൽ എട്ട് വരെ പ്രവേശനം നൽകും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കായി പ്രവേശനത്തിനുള്ള അഭിമുഖവും പരീക്ഷയും ഉൾപ്പെടെ നടപടികളും ആരംഭിച്ചു. നവംബർ ആദ്യവാരം ക്ലാസ് തുടങ്ങാമെന്ന പ്രതീക്ഷയിലാണ് സ്‌കൂളുകൾ