ഒടുക്കം 'അലി' ഉപ്പയെ കണ്ടു, അഫ്ഗാന്‍ യുദ്ധം തീര്‍ത്ത മുറിവുകള്‍ക്കിടയില്‍ ഒരു ആശ്വാസക്കാഴ്ച്ച

കാനഡയില്‍ വെച്ച് നടന്ന ഹൃദയഹാരിയായ പുനസമാഗമം ലോക മാധ്യമങ്ങളില്‍ വൈറലാവുന്നു

Update: 2021-09-15 16:45 GMT
Advertising

മൂന്ന് വയസ്സുള്ള അഫ്ഗാന്‍ ബാലനെ തല്‍ക്കാലം നമുക്ക് അലിയെന്ന് വിളിക്കാം. താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ രാജ്യം വിടാനായി കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയവര്‍ക്കിടയില്‍ അലിയുടെ മാതാവും സഹോദരങ്ങളുമുണ്ടായിരുന്നു. അന്നാണ് ആള്‍ക്കൂട്ടത്തിനിടയില്‍ ചാവേര്‍ ബോംബ് പൊട്ടിത്തെറിക്കുകയും 169 അഫ്ഗാനികളും 13 യുഎസ് സൈനികരും കൊല്ലപ്പെട്ട ദൌര്‍ഭാഗ്യകരമായ സംഭവമുണ്ടാകുന്നത്. സ്ഫോടനത്തിന് പിന്നാലെ ജനം ചിതറിയോടി. കുഞ്ഞു അലിയെ മാതാവിന് കൈവിട്ടു. വിമാനത്താവളത്തിന്‍റെ ഓരങ്ങളിലെവിടെയോ തനിച്ചിരുന്ന് വിതുമ്പിയ അലിയെ ഒരു പതിനേഴുകാരന്‍ ശ്രദ്ധിച്ചു. ഖത്തറിന്‍റെ രക്ഷാ വിമാനത്തിലേക്ക് അവനെയും കൂടെ കൂട്ടി.

ദോഹയിലെ അഭയാര്‍ത്ഥി കേമ്പില്‍ വെച്ച് അലിയുടെ സ്ഥിതിഗതികള്‍ ഖത്തര്‍ അധികൃതര്‍ മനസ്സിലാക്കി. ഖത്തര്‍ അസിസ്റ്റന്‍റ് വിദേശകാര്യമന്ത്രി ലുല്‍വ അല്‍ ഖാതിറിന്‍റെ മേല്‍നോട്ടത്തില്‍ അലിക്ക് പ്രത്യേക പരിചരണവും കരുതലും. മ്നാനമായിരുന്ന മുഖം പതുക്കെ തെളിഞ്ഞു വന്നു. ഇടയ്ക്കെപ്പോഴോ തന്‍റെ ഉപ്പ കാനഡയിലാണുള്ളതെന്ന് അവന്‍ പറഞ്ഞൊപ്പിച്ചു. പിന്നെയെല്ലാം ഞൊടിയിടയില്‍. ഖത്തര്‍ വിദേശകാര്യമന്ത്രാലയം കാനഡ എംബസിയുമായി ബന്ധപ്പെട്ടു. ഉപ്പയെ അന്വേഷിച്ചു. വിവരങ്ങള്‍ കിട്ടി. ദോഹയില്‍ നിന്നും 14 മണിക്കൂര്‍ വിമാനയാത്ര ചെയ്ത് അലി ടൊറോന്‍റോയിലെത്തി. ഉപ്പയെ കണ്ടു. വാരിപ്പുണര്‍ന്നു. യുദ്ധവും സംഘര്‍ഷങ്ങളും തീര്‍ത്ത കൂരാകൂരിരുട്ടിനിടയില്‍ കെട്ടിപ്പുണര്‍ന്നു നില്‍ക്കുന്ന അലിയും ഉപ്പയുടെയും ചിത്രം പ്രത്യാശയുടെ നറുനിലാവെളിച്ചമായി. ''ആശംസകള്‍ അലി, നിന്നെ ഞങ്ങള്‍ക്കിവിടെ വല്ലാതെ മിസ് ചെയ്യുന്നു.എന്നെങ്കിലും ഞങ്ങളെ കാണാനായി നീ തിരിച്ചുവരണം'', ഖത്തര്‍ അസിസ്റ്റന്‍റ് വിദേശകാര്യമന്ത്രി ലുല്‍വ അല്‍ ഖാതിര്‍ ട്വീറ്റ് ചെയ്തു.






പിന്നെ ഉമ്മയെയും സഹോദരങ്ങളെയും കുറിച്ചുള്ള അന്വേഷണമായി. അവരും അഫ്ഗാനില്‍ സുരക്ഷിതരാണെന്ന സന്തോഷ വാര്‍ത്തയും മാധ്യമങ്ങള്‍ പങ്കുവെച്ചു. പക്ഷെ കാബൂളില്‍ നിന്നും കാനഡയിലേക്ക് തിരിക്കാന്‍ നിലവില്‍ ബുദ്ധിമുട്ടുകളുണ്ട്. മേല്‍വിലാസം വെളിപ്പെടുത്തുന്നതും പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ കുടുംബത്തിന്‍റെ യഥാര്‍ത്ഥ പേര് വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കുഞ്ഞു അലിയുടെ പേര് പോലും അതല്ല. പക്ഷെ കാലവും ചരിത്രവും ഓമനത്തത്തോടെ അവനെയോര്‍ക്കുക അലിയെന്ന പേരില്‍ മാത്രമായിരിക്കും.

Writer - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

By - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News