ഖത്തറില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും രണ്ടാഴ്ച കൂടുമ്പോള്‍ അഞ്ച് ദിവസത്തെ ഹാജര്‍ നിര്‍ബന്ധം
50% ഹാജര്‍ നിലയോടെ നേരിട്ടുള്ള പഠനവും ബാക്കി ഓണ്‍ലൈന്‍ ക്ലാസുമെന്ന രീതി തുടരും. പുതുക്കിയ സ്കൂള്‍ സമയവും ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടു
ഖത്തറില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും രണ്ടാഴ്ച കൂടുമ്പോള്‍ അഞ്ച് ദിവസത്തെ ഹാജര്‍ നിര്‍ബന്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം. 50% ഹാജര്‍ നിലയോടെ നേരിട്ടുള്ള പഠനവും ബാക്കി ഓണ്‍ലൈന്‍ ക്ലാസുമെന്ന രീതി തുടരും. പുതുക്കിയ സ്കൂള്‍ സമയവും വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടു.
ഖത്തറില്‍ വേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പുതിയ നിര്‍ദേശങ്ങള്‍. 50 ശതമാനം ഹാജര്‍നിലയോടെ നേരിട്ടുള്ള പഠനവും ബാക്കി ഓണ്‍ലൈന്‍ ക്ലാസുമെന്ന രീതി തുടരുമെങ്കിലും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും രണ്ടാഴ്ച്ച കൂടുമ്പോള്‍ അഞ്ച് ദിവസത്തെ സ്കൂള്‍ ഹാജര്‍ നിര്‍ബന്ധമാണ്. രാവിലെ 7.15 മുതല്‍ 12.30 വരെ അഞ്ചേകാല്‍ മണിക്കൂറാണ് സ്കൂള്‍ അധ്യയന സമയം.
ഓരോ ആഴ്ചയും മുപ്പത് അധ്യായങ്ങള്‍ വീതം പഠിപ്പിക്കണം. കര്‍ശനമായ കോവിഡ് മുന്‍കരുതല്‍ നിബന്ധനകള്‍ പാലിച്ചായിരിക്കണം ക്ലാസുകള്‍ നടക്കേണ്ടതെന്നും ഇന്ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. അധ്യാപകരുള്‍പ്പെടെ മുഴുവന്‍ സ്കൂള്‍ ജീവനക്കാരും ഇതിനകം കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചു കഴിഞ്ഞതായി മന്ത്രാലയം അറിയിച്ചിരുന്നു. 12 മുതല്‍ 18 വരെയുള്ള കുട്ടികളില്‍ ഏറെക്കുറെ പേരും ഇതിനകം വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്