ഖത്തറില്‍ റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട വായ്പാ വ്യവസ്ഥകളില്‍ ഭേദഗതി
പ്രവാസികള്‍ക്ക് കടബാധ്യതാ അനുപാതം 50 ശതമാനത്തില്‍ കൂടരുത് എന്നതാണ് പ്രധാന വ്യവസ്ഥ.
ദോഹ: ഖത്തറില്‍ റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട വായ്പാ വ്യവസ്ഥകളില്‍ ഭേദഗതി. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കാണ് വ്യവസ്ഥകള്‍ പ്രഖ്യാപിച്ചത്. പ്രവാസികള്‍ക്ക് കടബാധ്യതാ അനുപാതം 50 ശതമാനത്തില്‍ കൂടരുത് എന്നതാണ് പ്രധാന വ്യവസ്ഥ. പുതിയ ഭേദഗതികള്‍ പ്രകാരം ആസ്തികളും വസ്തുക്കളും ഈട് നല്‍കിയുള്ള വായ്പകളെ മൂന്ന് വിഭാഗമായാണ് തിരിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തെ വിഭാഗം നിര്‍മാണത്തിലിരിക്കുന്നതോ പൂര്‍ത്തിയായതോ ആയ താമസ കെട്ടിടങ്ങളില്‍ നല്‍കുന്ന വ്യക്തിഗത വായ്പയാണ്. വായ്പയെടുക്കുന്നയാളുടെ ശമ്പളവും വരുമാന സ്രോതസുകളും തിരിച്ചടവ് തുകയുമായി ബന്ധിപ്പിച്ചാണ് ഈ വായ്പ നല്‍കുക.
പ്രവാസികള്‍ക്ക് ഈടു നല്‍കുന്ന ആസ്തിയുടെ മൂല്യം 60 ലക്ഷം റിയാല്‍ വരെയാണെങ്കില്‍ പരമാവധി 75 ശതമാനം വായ്പ ലഭിക്കും, തിരിച്ചടവ് കാലാവധി 25 വര്‍ഷമായിരിക്കും. നിക്ഷേപ വാണിജ്യ ആവശ്യങ്ങള്‍ക്കായി കമ്പനികള്‍ക്കും വ്യക്തികള്‍ക്കും പണി തീര്‍ന്ന ആസ്തികളില്‍ നല്‍കുന്ന വായ്പയാണ് രണ്ടാമത്തെ വിഭാഗം. തിരിച്ചടവ് പ്രധാനമായും റിയല്‍ എസ്റ്റേറ്റില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ്.
പ്രവാസികള്‍ക്ക് 100 കോടി റിയാല്‍ വരെ മൂല്യമുള്ള ആസ്തികളാണെങ്കില്‍ എല്‍ടിവി പരമാവധി 25 വര്‍ഷത്തേക്ക് 70 ശതമാനം വായ്പ ലഭിക്കും. നിക്ഷേപ, വാണിജ്യ ലക്ഷ്യങ്ങള്‍ക്കായി നിര്‍മാണത്തിലിരിക്കുന്ന വസ്തുക്കള്‍ ഈടു നല്‍കുന്നതാണ് മൂന്നാമത്തെ വിഭാഗം. വസ്തുവകകളില്‍ നിന്നു പൂര്‍ണമായോ ഭാഗികമായോ ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണ് തിരിച്ചടവ്. ഈ വിഭാഗത്തില്‍ രാജ്യത്തെ പ്രവാസി താമസക്കാരും താമസക്കാര്‍ അല്ലാത്തവരുമായവര്‍ക്ക് പരമാവധി വായ്പ 50 ശതമാനവും തിരിച്ചടവ് കാലാവധി 15 വര്‍ഷവുമായിരിക്കും.