യുദ്ധം, ഖത്തര്‍ അമീറിനെ വിളിച്ച് യുക്രൈന്‍ പ്രസിഡന്റ്
ഖത്തര്‍ എയര്‍വേസ് യുക്രൈനിലേക്കുള്ള സര്‍വീസ് റദ്ദാക്കി
ദോഹ. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ യുക്രൈന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ സെലെന്‍സ്കി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ഫോണില്‍ ചര്‍ച്ച നടത്തി..നിലവിലെ സ്ഥിതിഗതികള്‍ സെലെന്‍സ്കി അമീറിനെ ധരിപ്പിച്ചു. ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് അമീര്‍ ആവശ്യപ്പെട്ടു. നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം കാണണം. പൌരന്മാരുടെ സുരക്ഷയാണ് പരമപ്രധാനം.വലിയ പ്രത്യാഘാതങ്ങളുണ്ടാകുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാവരുതെന്നും അമീര്‍ ആവശ്യപ്പെട്ടു.
യുഎന്‍ ചാര്‍ട്ടറും അന്താരാഷ്ട്ര നിയമങ്ങളും മാനിക്കുകയും രാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കുകയും ചെയ്യുന്നതാണ് ഖത്തറിന്റെ നിലപാടെന്നും അമീര്‍ വ്യക്തമാക്കി. അതേ സമയം ഖത്തര്‍ എയര്‍വേസ് യുക്രൈനിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി.യുക്രൈനിലെ വ്യോമപാതകള്‍ അടച്ചതായി യുക്രൈന്‍ എയര്‍ ട്രാഫിക് സര്‍വീസ് അറിയിച്ചിരുന്നു.