ഖത്തറിന്റെ മണ്ണിലേക്ക് മറ്റൊരു ലോകകപ്പ് കൂടി; വേദിയാവുക ബാസ്കറ്റ്ബോള്‍ ലോകപോരാട്ടത്തിന്
അറബ് ലോകത്തിന് ആദ്യ അവസരമാണെങ്കിലും ഏഷ്യയിൽ തുടർച്ചയായി മൂന്നാം വേദിയാണിത്.
ലോകകപ്പ് ഫുട്ബോളിന് വേദിയൊരുക്കി കൈയടി നേടിയ ഖത്തറിന്റെ മണ്ണിലേക്ക് മറ്റൊരു ലോകകപ്പ് കൂടിയെത്തുന്നു. ബാസ്കറ്റ്ബോള്‍ ലോകപോരാട്ടത്തിന് 2027ല്‍ ഖത്തര്‍ വേദിയാവും. ആദ്യമായാണ് അറബ് ലോകത്ത് ഇത്തരമൊരു ടൂര്‍ണമെന്റ് എത്തുന്നത്.
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന ഇന്റർനാഷണൽ ബാസ്കറ്റ്ബോൾ ഫെഡറേഷൻ സെൻട്രൽ ബോഡ് യോഗത്തിലാണ് ഖത്തറിനെ വേദിയായി പ്രഖ്യാപിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 32 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ആതിഥേയരെന്ന നിലയിൽ ഖത്തറിനും മത്സരിക്കാം. അറബ് ലോകത്തിന് ആദ്യ അവസരമാണെങ്കിലും ഏഷ്യയിൽ തുടർച്ചയായി മൂന്നാം വേദിയാണിത്.
2019ൽ ചൈനയായിരുന്നു വേദി. ഈ വരുന്ന ആഗസ്റ്റിൽ നടക്കുന്ന 19ാം ലോകകപ്പിന് ഫിലിപ്പിൻസ്, ജപ്പാൻ, ഇന്തോനേഷ്യ എന്നിവർ സംയുക്തമായാണ് വേദിയൊരുക്കുന്നത്.
ലോകകപ്പ് പോലെ തന്നെ ഒരൊറ്റ നഗരത്തില്‍ ബാസ്കറ്റ് ബോള്‍ ആവേശം നിറയ്ക്കാനാണ് ഖത്തര്‍ ഒരുങ്ങുന്നത്. ലോകകപ്പ് ഫുട്ബോളിന് വേദിയൊരുക്കി മികച്ച സംഘാടനത്തിലൂടെ ഖത്തര്‍ പ്രശംസ നേടിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ദോഹയെ ഒരു കായിക ഹബ്ബാക്കി മാറ്റുന്നതിന്റെ കൂടി ഭാഗമായാണ് കൂടുതല്‍ മത്സരങ്ങള്‍ ഖത്തറിലേക്ക് എത്തിക്കുന്നത്.