ഫിഫ അറബ് കപ്പ് ഫുട്ബോള്‍ സെമി പോരാട്ടങ്ങള്‍ നാളെ
ടുണീഷ്യ ഈജിപ്തിനെയും,ഖത്തര്‍ അള്‍ജീരിയെയും നേരിടും
ഫിഫ അറബ് കപ്പ് ഫുട്ബോള്‍ സെമി പോരാട്ടങ്ങള്‍ നാളെ. ആദ്യ സെമിയില്‍ ടുണീഷ്യ ഈജിപ്തിനെ നേരിടും. ഖത്തറും അള്‍ജീരിയയും തമ്മിലാണ് രണ്ടാം സെമി. ആഫ്രിക്കന്‍ ചിരവൈരികളുടെ നേര്‍ക്കുനേര്‍ പോരാട്ടമാണ് ആദ്യ സെമി ഫൈനല്‍, ഈജിപ്തും ടുണീഷ്യയും 34 തവണയാണ് ഇതുവരെ ഏറ്റുമുട്ടിയത്. 14 ജയവുമായി ടുണീഷ്യക്കാണ് മേധാവിത്തം.ജാസിരിയുടെയും ബെന്‍ലെര്‍ബിയുടെയും യൂസഫ് സാകിനിയുടെയും ഗോളടി മികവ് അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. എന്നാല്‍ ഇഞ്ചോടിഞ്ച് പോരില്‍ ക്വാര്‍ട്ടറില്‍ ശക്തരായ ജോര്‍ദാനെ വീഴ്ത്തിയ ഈജിപ്തിനെ കരുതിയിരിക്കണം. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ് അവരുടെ കുതിപ്പ്. റാസ് അബു അബൂദ് സ്റ്റേഡിയത്തില്‍ വൈകിട്ട് 6 മണിക്കാണ് മത്സരം
രാത്രി 10 മണിക്ക് അല്‍ തുമാമ സ്റ്റേഡിയത്തിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ഖത്തര്‍- അള്‍ജീരിയ പോരാട്ടം.അല്‍മോയസും അക്രം അഫീഫും മികവ് തുടര്‍ന്നാല്‍ ഖത്തറിനെ പിടിച്ചുകെട്ടാന്‍ പ്രയാസമാകും. ക്വാര്‍ട്ടര്‍ ഫൈനലില്‍ യുഎഇയുടെ വലയില്‍ അഞ്ച് ഗോളുകളാണ് അവര്‍ അടിച്ചുകയറ്റിയത്, മൊറോക്കോയെ ഷൂട്ടൌട്ടില്‍ തോല്‍പ്പിച്ചാണ് അള്‍ജീരിയ സെമിയിലെത്തിയത്.സെമി ഫൈനല്‍ മത്സരങ്ങളുടെ മുഴുവന്‍ ടിക്കറ്റുകളും ഇതിനോടകം വിറ്റഴിഞ്ഞിട്ടുണ്ട്.