അർജന്റീന ടീമിന്റെ ബേസ് ക്യാമ്പായി ഖത്തർ യൂണിവേഴ്‌സി ക്യാമ്പസ്
നവംബർ 21 നാണ് ലോകകപ്പ് ഫുട്‌ബോളിന് കിക്കോഫ് മുഴങ്ങുന്നത്. ഇതിന് ഒരാഴ്ച മുമ്പ് തന്നെ മെസിയും സംഘവും ഖത്തറിലെത്തും. ടീമിന് താമസവും പരിശീലനവുമെല്ലാം ഒരുക്കുന്നത് ഖത്തർ യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ്.
ദോഹ: ലോകകപ്പ് ഫുട്‌ബോളിൽ കിരീടസ്വപ്നവുമായി എത്തുന്ന അർജന്റീന ടീം ബേസ് ക്യാമ്പായി ഖത്തർ യൂണിവേഴ്‌സിറ്റി ക്യാമ്പസ് തിരഞ്ഞെടുത്തു. ഇവിടെയായിരിക്കും മെസിയുടെയും സംഘത്തിന്റെയും താമസവും പരിശീലനവുമെല്ലാം. കോപ്പ അമേരിക്ക ചാമ്പ്യൻമാരെ സ്വാഗതം ചെയ്ത് ഖത്തർ യൂണിവേഴ്‌സിറ്റി ട്വീറ്റ് ചെയ്തു.
നവംബർ 21 നാണ് ലോകകപ്പ് ഫുട്‌ബോളിന് കിക്കോഫ് മുഴങ്ങുന്നത്. ഇതിന് ഒരാഴ്ച മുമ്പ് തന്നെ മെസിയും സംഘവും ഖത്തറിലെത്തും. ടീമിന് താമസവും പരിശീലനവുമെല്ലാം ഒരുക്കുന്നത് ഖത്തർ യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ്. അർജന്റീന ഫുട്ബാൾ ഫെഡറേഷന്റെ ഔദ്യോഗിക സംഘം അടുത്തിടെ ഖത്തർ സന്ദർശിച്ചിരുന്നു. ഇവരുടെ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ടീമിന്റെ ബേസ് ക്യാമ്പായി സർവകലാശാലാ ക്യാമ്പസിനെ തിരഞ്ഞെടുത്തത്. സന്ദർശനത്തിൽ തൃപ്തി അറിയിച്ചായിരുന്നു സംഘം മടങ്ങിയത്. ഹോസ്റ്റൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാവും ടീം അംഗങ്ങളുടെയും സ്റ്റാഫിന്റെയും താമസം.
ടീം അംഗങ്ങൾക്ക് ഗൃഹാതുര അനുഭവം നൽകുന്നതിന് ക്യാമ്പസിൽ ചില നവീകരണ പ്രവർത്തനങ്ങളും നടക്കും. കളിക്കാർക്ക് അർജന്റീനയും വീടുമെല്ലാം അനുഭവിക്കുന്ന തരത്തിലായിരിക്കും ക്യാമ്പസിൽ മാറ്റങ്ങൾ വരുത്തുന്നത്. പരിശീലനവും താമസവുമെല്ലാം ഒരേ സ്ഥലത്താവുന്നത് ഏറെ സൗകര്യമാണെന്ന് അർജന്റീന കോച്ച് ലിയണൽ സ്‌കലോണി അഭിപ്രായപ്പെട്ടു. ലോകകപ്പിന് യോഗ്യത നേടിയ ടീമുകളെല്ലാം നിലവിൽ ടീം ബേസ് ക്യാമ്പ് തിരിഞ്ഞെടുക്കുന്ന തിരിക്കിലാണ്. പരിശീലന വേദികളും ഹോട്ടലുകളുമായി 40ഓളം ബേസ് ക്യാമ്പുകളാണ് തെരഞ്ഞെടുപ്പിനായി ഖത്തർ ഒരുക്കിരിക്കുന്നത്.