പെറുവിനെ വീഴ്ത്തി ആസ്‌ത്രേലിയ ഖത്തര്‍ ലോകകപ്പിന് ടിക്കറ്റുറപ്പിച്ചു
ശേഷിക്കുന്ന ഏക സ്ഥാനത്തിനായി കോസ്റ്റാറിക്കയും ന്യൂസിലന്‍ഡും ഇന്നിറങ്ങും
പെറുവിനെ വീഴ്ത്തി ആസ്‌ത്രേലിയ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി. ആസ്‌ത്രേലിയയുടെ തുടര്‍ച്ചയായ അഞ്ചാം ലോകകപ്പ് പ്രവേശനമാണിത്. ശേഷിക്കുന്ന ഏക സ്ഥാനത്തിനായി ഇന്ന് കോസ്റ്റാറിക്കയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും.
കളിയുടെ നിശ്ചിത സമയത്തും അധിക സമയത്തും സമനില ഭേദിക്കാന്‍ ഇരു ടീമുകള്‍ക്കുമായില്ല. ഷൂട്ടൗട്ടിലും ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിനൊടുവില്‍ ആറാം കിക്കിലാണ് മത്സരത്തിന്റെ വിധി നിര്‍ണയിക്കപ്പെട്ടത്.
ആര്‍ത്തലച്ച പന്ത്രണ്ടായിരത്തിലേറെ വരുന്ന കാണികളെ നിശബ്ധരാക്കിയാണ് ആസ്‌ത്രേലിയ ലോകകപ്പിന് യോഗ്യത നേടിയത്. ഇതോടെ, ഏഷ്യന്‍ കോണ്‍ഫഡറേഷനില്‍നിന്ന് ഈ ലോകകപ്പില്‍ കളിക്കുന്ന ടീമുകളുടെ എണ്ണം ആറായി മാറി. 2006 മുതല്‍ തുടര്‍ച്ചയായ അഞ്ചാം ലോകകപ്പാണ് ഓസീസ് കളിക്കുന്നത്.
ഖത്തര്‍ ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ ഒരു മത്സരം മാത്രമാണ് ഇനി ബാക്കിയുള്ളത്. ശേഷിക്കുന്ന ഏക ബര്‍ത്തിനായി കോസ്റ്റാറിക്കയും ന്യൂസിലന്‍ഡും ഇന്ന് ഏറ്റുമുട്ടും. രാത്രി 9ന് അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം.