അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് ഇസ്രായേലിനെ വിലക്കൽ; ഫലസ്തീനിന്റെ ആവശ്യത്തിൽ ഫിഫ കോൺഗ്രസിൽ വോട്ടെടുപ്പ് നാളെ

ഫലസ്തീന് പിന്തുണയുമായി ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ രംഗത്തെത്തിയിട്ടുണ്ട്

Update: 2024-05-16 16:29 GMT
Advertising

ദോഹ: ഇസ്രായേലിനെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിലക്കണമെന്ന ഫലസ്തീനിന്റെ ആവശ്യത്തിൽ ഫിഫ കോൺഗ്രസിൽ വോട്ടെടുപ്പ് നാളെ. ഫലസ്തീന് പിന്തുണയുമായി ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ രംഗത്തെത്തി. തായ്‌ലണ്ട് തലസ്ഥാനമായ ബാങ്കോക്കിൽ നടക്കുന്ന ഫിഫ വാർഷിക കോൺഗ്രസിലാണ് ഇസ്രായേലിനെതിരെ ഫലസ്തീൻ ഫുട്‌ബോൾ അസോസിയേഷൻ നൽകിയ പരാതി ചർച്ചയ്ക്ക് വരുന്നത്.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിന്റെയും വംശ ഹത്യയുടെയും തെളിവുകൾ നിരത്തിയാണ് ഫലസ്തീനിന്റെ പരാതി. ഇതോടൊപ്പം തന്നെ ഫലസ്തീൻ പ്രദേശങ്ങളിൽ കുടിയേറ്റക്കാരായ ഇസ്രായേലുകാർ സ്ഥാപിക്കുന്ന ക്ലബുകൾക്ക് ഇസ്രായേൽ ലീഗിൽ കളിക്കാൻ അവസരം നൽകുന്നുണ്ട്. ഇത് ഫിഫ നിയമത്തിന് വിരുദ്ധമാണ്. ഫലസ്തീനിയൻ ഫുട്‌ബോൾ ഫെഡറേഷന്റെ അനുമതിയില്ലാതെ ഇങ്ങനെ കളിക്കാൻ സാധിക്കില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ തന്നെ ഫലസ്തീൻ ഫിഫ പരാതി നൽകിയിരുന്നു.

ഇസ്രായേലിനെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിലക്കണമെന്ന ആവശ്യത്തെ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ പിന്തുണച്ചിട്ടുണ്ട്. ആസ്‌ത്രേലിയ ഫലസ്തീന് ഒപ്പം നിൽക്കണമെന്ന ആവശ്യവുമായി മുൻ താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഫിഫ കോൺഗ്രസിൽ ഭൂരിപക്ഷം ലഭിച്ചാൽ യുഎന്നിന് പിന്നാലെ ഇസ്രായേലിന് ലഭിക്കുന്ന കനത്ത തിരിച്ചടിയാകും ഇത്. യുക്രൈൻ അധിനിവേശത്തിന്റെ പേരിൽ റഷ്യയെയും റഷ്യയിൽ നിന്നുള്ള ക്ലബുകളെയും അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിലക്കിയ സമീപകാല ചരിത്രവും ഫിഫയ്ക്കുണ്ട്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

Contributor - Web Desk

contributor

Similar News