സാമൂഹിക ജനാധിപത്യം ശക്തിപ്പെടുത്തണമെന്ന് ഹമീദ് വാണിയമ്പലം; കള്‍ച്ചറല്‍ ഫോറം ഫ്രറ്റേണല്‍ മീറ്റ് സംഘടിപ്പിച്ചു
വെറുപ്പിന്റെയും വിദ്വേഷങ്ങളുടെയും ആശയങ്ങള്‍ പ്രചരിക്കുന്ന ഈ കാലത്ത് ജനാധിപത്യ രീതിയിലുള്ള പ്രതിരോധത്തിന്റെതായ വഴികള്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Update: 2022-09-22 18:10 GMT
ദോഹ: ഇന്ത്യയിൽ സാമൂഹിക ജനാധിപത്യം ശക്തിപ്പെടുത്താൻ ശ്രമങ്ങൾ ഉണ്ടാകണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. കള്‍ച്ചറല്‍ ഫോറം സഘടിപ്പിച്ച ഫ്രറ്റേണല്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് പുരോഗതി കൈവരിക്കാനായത് ഒരു മഴവില്‍ സമൂഹമായി ഇന്ത്യൻ സമൂഹം നില കൊണ്ടതിനാലാണ്.
വെറുപ്പിന്റെയും വിദ്വേശങ്ങളുടെയും ആശയങ്ങള്‍ പ്രചരിക്കുന്ന ഈ കാലത്ത് ജനാധിപത്യ രീതിയിലുള്ള പ്രതിരോധത്തിന്റെതായ വഴികള്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് എ.സി മുനീഷ് അധ്യക്ഷത വഹിച്ചു. ചന്ദ്രമോഹന്‍, മുഹമ്മദ് കുഞ്ഞി, ഷൈനി കബീര്‍, ഷാജി ഫ്രാന്‍സിസ്, കബീര്‍ ടി.എം തുടങ്ങിയവര്‍ സംസാരിച്ചു