സൈബർ സുരക്ഷ: ഖത്തറിൽ സൈബർ സെക്യൂരിറ്റി അക്കാദമി വരുന്നു
ഗവൺമെൻറ്, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനു ഹ്രസ്വകാല കോഴ്സുകൾ
ദോഹ: സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഖത്തറിൽ സൈബർ സെക്യൂരിറ്റി അക്കാദമി വരുന്നു. പ്രായോഗിക പരിശീലനത്തോട് കൂടിയ പഠന രീതിയായിരിക്കും ഇവിടെ അവലംബിക്കുക. സൈബർ സുരക്ഷ വർധിപ്പിക്കാനും ഗവൺമെൻറ്, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കിടയിൽ സൈബർ അവബോധം വർധിപ്പിക്കാനുമായാണ് നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി നാഷണൽ സൈബർ സെക്യൂരിറ്റി അക്കാഡമി സ്ഥാപിക്കുന്നത്.
അക്കാദമിക്ക് ആവശ്യമായ അനുമതികൾ ലഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ഹ്രസ്വകാല കോഴ്സുകളും അവ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകളും നൽകും. ആധുനിക സാങ്കേതിക വെല്ലുവിളികൾ നേരിടാൻ സൈബർ സുരക്ഷയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പിന്തുടർന്നായിരിക്കും അക്കാദമി പ്രവർത്തിക്കുക. ഗവൺമെൻറ്, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പരിശീലനം നൽകുന്നതോടെ രാജ്യത്തെ സൈബർ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.