പ്രതിഷേധങ്ങള്‍ക്കിടയിലും ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ ഖത്തര്‍ സന്ദര്‍ശനം തുടരുന്നു
ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയ്‌ക്കെതിരെ ഖത്തറടക്കമുള്ള വിദേശരാജ്യങ്ങളില്‍ പ്രതിഷേധങ്ങള്‍ കനക്കുമ്പോഴുംഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ ഖത്തര്‍ സന്ദര്‍ശനം തുടരുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി ശൂറ കൗണ്‍സില്‍ സ്പീക്കറുമായി വെങ്കയ്യനായിഡു ചര്‍ച്ച നടത്തി.
ഇന്ന് രാവിലെയാണ് ഖത്തര്‍ ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ശൈഖ് ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിമുമായി ഉപരാഷ്ട്രപതി ചര്‍ച്ച നടത്തിയത്. ഇരുരാജ്യങ്ങളിലെയും പാര്‍ലമെന്ററി കാര്യങ്ങളില്‍ സഹകരണം ഊഷ്മളമാക്കുന്നത് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഖത്തര്‍ നാഷണല്‍ മ്യൂസിയത്തിലും ഉപരാഷ്ട്രപതിയും സംഘവും സന്ദര്‍ശിച്ചു.
ഇന്ത്യയില്‍ നിന്നുള്ള മുത്തുകൊണ്ടുള്ള കാര്‍പ്പെറ്റ് ഉള്‍പ്പെടെ മ്യൂസിയത്തിലെ കാഴ്ചകള്‍ ഖത്തര്‍ മ്യൂസിയം അധ്യക്ഷ ശൈഖ അല്‍ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി വെങ്കയ്യനായിഡുവിന് വിശദീകരിച്ചുനല്‍കി. വൈകിട്ട് ഇന്ത്യന്‍ കമ്യൂണിറ്റി ഉപരാഷ്ട്രപതിക്ക് സ്വീകരണവും ഒരുക്കിയിരുന്നു. ഇന്നലെ ഇന്ത്യ-ഖത്തര്‍ ബിസിനസ് ഫോറത്തിലും അദ്ദേഹം പങ്കെടുത്തു. ഇരുരാജ്യങ്ങളിലെയും സ്റ്റാര്‍ട്ടപ്പ് സംവിധാനങ്ങളെ ബന്ധഘിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് ബ്രിഡ്ജും അദ്ദേഹം ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെ അദ്ദേഹം നാട്ടിലേക്ക് മടങ്ങും.