ദോഹ വ്യോമമേഖല യാഥാർഥ്യമാകുന്നു;വിവിധ ജി.സി.സി രാജ്യങ്ങളുമായി കരാറിൽ ഒപ്പുവെച്ച് ഖത്തർ
സെപ്തംബർ എട്ടിന് ദോഹ ഫ്ളൈറ്റ് ഇൻഫർമേഷൻ റീജിയൻ നിലവിൽ വരും
ദോഹ: വർഷങ്ങളായുള്ള പരിശ്രമത്തിനൊടുവിൽ ദോഹ വ്യോമമേഖല യാഥാർഥ്യമാകുന്നു. ഇക്കാര്യത്തിൽ സൗദി അറേബ്യ, ബഹ്‌റൈൻ, യു.എ.ഇ എന്നിവരുമായി ഖത്തർ വ്യോമയാന വിഭാഗം കരാറിൽ ഒപ്പുവെച്ചു. സെപ്തംബർ എട്ടിന് ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയൻ നിലവിൽ വരും.
കഴിഞ്ഞ മാർച്ചിൽ ചേർന്ന ഇൻറർനാഷണൽ സിവിൽ എവിയേഷൻ ഓർഗനൈസേഷൻ കൗൺസിൽ യോഗമാണ് ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ മേഖല രൂപീകരിക്കാൻ അനുമതി നൽകിയത്. ഏപ്രിലിൽ തന്നെ ഇക്കാര്യത്തിൽ ഇറാനുമായി കരാറിലെത്തി. അയൽ രാജ്യങ്ങളുമായി നടത്തിയ തുടർചർച്ചയിലാണ് സ്വന്തം വ്യോമ മേഖലയെന്ന ഖത്തറിന്റെ സ്വപ്നം യാഥാർഥ്യമായത്.
ബഹ്‌റൈൻ, യു.എ.ഇ, സൗദി എന്നിവരുമായി കരാറിൽ ഒപ്പുവെച്ചതോടെ ദോഹ എഫ്.ഐ.ആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയതായി ഖത്തർ ഗതാഗത വകുപ്പുമന്ത്രി ജാസിം സെയ്ഫ് അൽ സുലൈത്തി പറഞ്ഞു. നിലവിൽ യു.എ.ഇ, സൗദി, ബഹ്‌റൈൻ, ഇറാൻ എന്നിവരുടെ പേരിലാണ് ഫ്ളൈറ്റ് ഇൻഫർമേഷൻ റീജിയൻ. കൗൺസിൽ അനുമതി ലഭിച്ച്, പുതിയ കരാറുകൾ പ്രാബല്ല്യത്തിലായതോടെ സെപ്റ്റംബർ എട്ട് മുതൽ ഖത്തറിൻറെ ആകാശം ദോഹ എഫ്.ഐ.ആർ എന്ന പേരിൽ അറിയപ്പെടും. നാലു വർഷം മുമ്പാണ് ഇതു സംബന്ധിച്ച ആവശ്യവുമായി ഖത്തർ യു.എന്നിനു കീഴിലെ ഇൻറർനാഷണൽ സിവിൽ എവിയേഷൻ ഓർഗനൈസേഷനെ സമീപിക്കുന്നത്.