അറബ് കപ്പിന്‍റെ ഭാഗമായുള്ള പ്രധാന ആഘോഷങ്ങള്‍ക്ക് ദോഹ കോര്‍ണീഷ് വേദിയാകും

അറബ് ലോകവും കായിക പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ അറബ് കപ്പ് ഫുട്ബോളിന് നവംബര്‍ 30 ന് ദോഹയില്‍ പന്തുരുളും.

Update: 2021-11-14 16:32 GMT
Editor : ubaid | By : Web Desk
Advertising

ഖത്തര്‍ വേദിയാകുന്ന ഫിഫ അറബ് കപ്പിന്‍റെ ഭാഗമായുള്ള പ്രധാന ആഘോഷങ്ങള്‍ക്ക് ദോഹ കോര്‍ണീഷ് വേദിയാകും. ഖത്തര്‍ ടൂറിസം നടത്തുന്ന രാജ്യാന്തര ഭക്ഷ്യമേള നവംബര്‍ 26 മുതല്‍ ഡിസംബര്‍ 17 വരെയായി കോര്‍ണീഷിലും സമീപത്തുമായി നടക്കും. കോര്‍ണീഷ് റോഡില്‍ ഇതോടനുബന്ധിച്ച് ശക്തമായ ഗതാഗത നിയന്ത്രണങ്ങളേര്‍പ്പെടുത്തും

അറബ് ലോകവും കായിക പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ അറബ് കപ്പ് ഫുട്ബോളിന് നവംബര്‍ 30 ന് ദോഹയില്‍ പന്തുരുളും. വിവിധ രാജ്യങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് കായികപ്രേമികള്‍ ടൂര്‍ണമെന്‍റ് കാണാനായി ദോഹയിലേക്ക് ഒഴുകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. അറബ് കപ്പിനായെത്തുന്ന കാണികള്‍ക്ക് മത്സരത്തിനപ്പുറത്തുള്ള പ്രധാന ആഘോഷനഗരി ദോഹ കോര്‍ണീഷായിരിക്കുമെന്ന് സംഘാടകര്‍ വാര‍്ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തര്‍ ടൂറിസം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഭക്ഷ്യമേള ടൂര്‍ണമെന്‍റ് നടക്കുന്ന മൂന്ന് ആഴ്ച്ചയോളം കോര്‍ണീഷ് തെരുവിലും അല്‍ ബിദ പാര്‍ക്കിലുമായി നടക്കും. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 4 വരെ കോര്‍ണീഷ് സ്ട്രീറ്റിലും നവംബര്‍ 26 മുതല്‍ ഡിസംബര്‍ 17 വരെ തൊട്ടടുത്തുള്ള അല്‍ ബിദ പാര്‍ക്കിലുമായാണ് മേള നടക്കുക. ഞായര്‍ മുതല്‍ വ്യാഴം വരെ ഉച്ച തിരിഞ്ഞ് മൂന്ന് മുതല്‍ രാത്രി 11 വരെയും വെള്ളി ശനി ദിവസങ്ങളില്‍ ഉച്ച തിരിഞ്ഞ് മൂന്ന് മുതല്‍ അര്‍ദ്ധരാത്രി 1 മണിവരെയുമാണ് മേളയിലേക്ക് പ്രവേശനമുണ്ടാകുക. 12 ഫുഡ് ട്രക്കുകള്‍, 145 ഭക്ഷണ സ്റ്റാളുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍, മ്യൂസിക് ഷോ, വെടിക്കെട്ട് തുടങ്ങിയവ മേളയുടെ ഭാഗമായി അരങ്ങേറും.

കൂടാതെ ആകര്‍ഷമായ എട്ട് ഇന്‍സ്റ്റാളേഷനുകളും ഒരുക്കും. മ്യൂസിക്കല്‍ വാട്ടര്‍ ഷോ, ഖത്തറിലെ ഏറ്റവും വലിയ എല്‍ഇഡി ഇന്‍സ്റ്റാളേഷന്‍ തുടങ്ങിയവയും അരങ്ങേറും. ശക്തമായ ഗതാഗത നിയന്ത്രണവും ഇതോടനുബന്ധിച്ച് കോര‍്ണീഷ് റോഡ‍ില്‍ ഏര്‍പ്പെടുത്തും. സ്വകാര്യവാഹനങ്ങള‍്ക്ക് കോര്‍ണീഷ് റോഡില്‍ പ്രവേശനമുണ്ടാകില്ല. രാവിലെ ആറ് മുതല്‍ എട്ടരവരെയും ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ മൂന്ന് മണി വരെയും വൈകീട്ട് 5 മുതല്‍ രാത്രി പത്ത് മണി വരെയും വലിയ വാഹനങ്ങളെയും അനുവദിക്കില്ല. പൊതുഗതാഗതത്തിനുള്ള കര്‍വ ബസുകളെയും സ്കൂള്‍ ബസുകളെയും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കും. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി, ഖത്തര്‍ ടൂറിസം, ദോഹ മെട്രോ, മുവാസലാത്ത് കര്‍വ തുടങ്ങി വിവിധ വിഭാഗങ്ങളുടെ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News