ഖത്തർ ഒളിമ്പിക് മ്യൂസിയത്തിൽ സിദാന്റെ പ്രതിമ സ്ഥാപിക്കും
മറ്റെരാസിയെ സിദാൻ ഇടിച്ചിടുന്ന പ്രതിമയാണ് മ്യൂസിയത്തിൽ സ്ഥാപിക്കുന്നത്. 2006 ലോകകപ്പ് ഫൈനലിന്റെ ഇന്നും മറയ്ക്കാത്ത ചിത്രമാണിത്
ദോഹ: ഖത്തർ ഒളിമ്പിക് മ്യൂസിയത്തിൽ ഫ്രഞ്ച് ഫുട്‌ബോൾ ഇതിഹാസം സിനദിൻ സിദാന്റെ പ്രതിമ സ്ഥാപിക്കും. മറ്റെരാസിയെ സിദാൻ ഇടിച്ചിടുന്ന പ്രതിമയാണ് മ്യൂസിയത്തിൽ സ്ഥാപിക്കുന്നത്. 2006 ലോകകപ്പ് ഫൈനലിന്റെ ഇന്നും മറയ്ക്കാത്ത ചിത്രമാണിത്, ഇറ്റാലിയൻ താരം മാർക്കോ മറ്റെരാസിയെ തലകൊണ്ടിടിച്ചിട്ട് ചുവപ്പ് കാർഡ് വാങ്ങി ഇതിഹാസം തിരിഞ്ഞു നടക്കുന്നത് കണ്ണീരോടെയല്ലാതെ കണ്ടവരില്ല. സിദാനോടുള്ള ആദരസൂചകമായി 2013 ൽ തന്നെ കോർണിഷിൽ ഖത്തർ ഈ വെങ്കലപ്രതിമ സ്ഥാപിച്ചിരുന്നു.
അതേസമയം പുതിയ തലമുറയിൽ അക്രമ വാസനയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി പലകോണുകളിൽ നിന്നും വിമർശനമുയർന്നതോടെ പ്രതിമ മാറ്റി. എന്നാൽ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറിയെന്നും അഞ്ച് മീറ്റർ ഉയരമുള്ള പ്രതിമ 3-2-1 ഒളിന്പിക് മ്യൂസിയത്തിൽ സ്ഥാപിക്കുമെന്നും മ്യൂസിയം ചെയർപേഴ്‌സൺ ശൈഖ അൽ മയാസ വ്യക്തമാക്കി.