ഖത്തർ ലോകകപ്പിന് സുരക്ഷയുറപ്പാക്കാൻ ഡ്രോൺ ഹണ്ടേഴ്‌സ്; അപകടകാരികളായ ഡ്രോണുകളെ പ്രതിരോധിക്കും
ആക്രമണ ലക്ഷ്യത്തോടെയെത്തുന്ന വസ്തുക്കൾ കൂടുതൽ വലുതാണെങ്കിലും അവയെ വീഴ്ത്താൻ ഡ്രോണുകൾക്ക് സാധിക്കും
ദോഹ: ഖത്തർ ലോകകപ്പിന് സുരക്ഷയുറപ്പാക്കാൻ ഡ്രോൺ ഹണ്ടേഴ്‌സ് എത്തുന്നു. അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോൺ ഹണ്ടേഴ്‌സ് അപകടകാരികളായ ഡ്രോണുകളെ പിടികൂടി പ്രതിരോധിക്കും. ശത്രുവിനെ വലയെറിഞ്ഞ് പിടിക്കുന്നതാണ് ഡ്രോൺ ഹണ്ടേഴ്‌സിന്റെ രീതി.
ഖത്തർ ലോകകപ്പിന്റെ എട്ട് വേദികൾക്ക് മുകളിലും ഫാൻ സോണുകളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലുമെല്ലാം ഈ ആകാശക്കണ്ണുകളുണ്ടാകും. ഒറ്റ നോട്ടത്തിൽ ഒരു സാധാരണ ഡ്രോൺ, എന്നാൽ ഇവൻ ഡ്രോണുകളിലെ ഹീറോയാണ്. ആക്രമണ ലക്ഷ്യത്തോടെ പറന്നുവരുന്ന ഡ്രോണുകളെ തിരിച്ചറിഞ്ഞ് നിമിഷ നേരം കൊണ്ട് പ്രതിരോധിക്കാൻ കഴിയും. റഡാർ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഡ്രോൺ ഹണ്ടേഴ്‌സ് അമേരിക്ക ആസ്ഥാനമായുള്ള ഫോർ ടെം ടെക്‌നോളജീസാണ് വികസിപ്പിച്ചത്.
ആക്രമണ ലക്ഷ്യത്തോടെയെത്തുന്ന വസ്തുക്കൾ കൂടുതൽ വലുതാണെങ്കിലും അവയെ വീഴ്ത്താൻ ഡ്രോണുകൾക്ക് സാധിക്കും. അപകട സാധ്യതകൾ കുറച്ച് നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിലാകും ഇങ്ങനെ പിടികൂടുന്ന വസ്തുക്കളെ ഈ ഡ്രോണുകൾ എത്തിക്കുക. മെയ് മാസത്തിൽ ഖത്തറിൽ നടന്ന മിലിപോൾ പ്രദർശനത്തിൽ ഫോർടെം പങ്കെടുത്തിരുന്നു.