ഖത്തറിൽ ഒത്തുചേരലിന്റെ വേദിയായി ഈദ് ആഘോഷം
ഗൃഹാതുരത്വമുണർത്തി കുട്ടിക്കച്ചവടക്കാരും പെരുന്നാളാഘോഷത്തിന്റെ മാറ്റു കൂട്ടി
ദോഹ: ചെറിയ പെരുന്നാൾ ആഘോഷത്തിരക്കിലാണ് ഖത്തറിലെ മലയാളികൾ. വ്യത്യസ്തമായ ഈദ് ആഘോഷവും ഒത്തുകൂടലുമായി വിവിധ കലാപരിപാടികളോടെയാണ് പെരുന്നാൾ ആഘോഷിച്ചത്. പുത്തനുടുപ്പുകളണിഞ്ഞും മൈലാഞ്ചിയിട്ടും ഈദാഘോഷം വർണാഭമാക്കുകയാണ് ഇവിടെ. കുടുംബമായി നാട്ടിൽ പെരുന്നാൾ ആഘോഷിക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രവാസ ലോകത്തെ പെരുന്നാളാഘോഷത്തിന് തനിമ ഒട്ടും കുറവില്ല.
പ്രവാസ ലോകത്ത് പെരുന്നാൾ ഒത്തുചേരാനുള്ള വേദികൂടിയാണ്. കൂട്ടമായിരുന്ന് മൈലാഞ്ചിയിട്ടും ഒപ്പന കളിച്ചും പാട്ടുപാടിയും അവർ നാടിനെയും കടലിനിക്കരയിലേക്ക് പറിച്ചുനട്ടു. റമദാൻ 30ന് നോമ്പ് തുറന്നാൽ പിന്നെ ആഘോഷമാണ്.
റമദാൻ 30ന് നോമ്പ് തുറന്നാൽ പിന്നെ ആഘോഷമാണ്. നടുമുറ്റം ഖത്തർ സംഘടിപ്പിച്ച ഈദ് നൈറ്റിലേക്ക് നിരവധി പേരാണ് സൗഹൃദം പങ്കുവെക്കാനെത്തിയത്. അംഗങ്ങൾ സ്വന്തമായി പാകം ചെയ്ത മധുര പലഹാരങ്ങളും മിഠായികളും പരസ്പരം കൈമാറി. കൂടിച്ചേരലുകൾക്ക് നിയന്ത്രണം വന്ന രണ്ട് വർഷത്തിന് ശേഷം ലഭിച്ച ആഘോഷം കുട്ടികൾക്കും പുതിയ അനുഭവമായി. ഗൃഹാതുരത്വമുണർത്തി കുട്ടിക്കച്ചവടക്കാരും പെരുന്നാളാഘോഷത്തിന്റെ മാറ്റു കൂട്ടി.