അല്‍ഗാനിം-സിറ്റി സെന്‍റര്‍ റൂട്ടില്‍ ഇനി ഇലക്ട്രിക് ബസുകള്‍ മാത്രം; പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്ക് ആദ്യ ചുവടുവെച്ച് ഖത്തര്‍
ഈ വര്‍ഷം അവസാനത്തോടെ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന 25 ശതമാനം ബസുകളും ഇലക്ട്രിക് ബസുകളായി മാറും
പരിസ്ഥിതി സൗഹൃദ ഗതാഗതമെന്ന ലക്ഷ്യത്തിലേക്ക് ആദ്യ ചുവട് വെച്ച് ഖത്തര്‍. അല്‍ഗാനിം-സിറ്റി സെന്‍റര്‍ റൂട്ടില്‍ ഇനി ഇലക്ട്രിക് ബസുകള്‍ മാത്രമാണ് ഓടിക്കുകയെന്ന് പബ്ലിക് ട്രാന്‍സ്പോര്‍ട്ടിങ് കമ്പനിയായ മുവാസലാത്ത് അറിയിച്ചു. കര്‍വ ബസ് സ്റ്റേഷനില്‍ ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ച് ഒരു വര്‍ഷം തികയും മുമ്പാണ് ഒരു റൂട്ട് പൂര്‍ണമായി ഇലക്ട്രിക് ബസുകള്‍ ഓടിക്കുന്നത്.
ഈ വര്‍ഷം അവസാനത്തോടെ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന 25 ശതമാനം ബസുകളും ഇലക്ട്രിക് ബസുകളായി മാറും. ലോകകപ്പ് സമയത്ത് ഉപയോഗിക്കാനായി വാങ്ങുന്ന ബസുകളില്‍ മിക്കതും ഇലക്ട്രിക് ബസുകളാണ്. 2030ന് മുമ്പ് ഖത്തറിലെ പൊതുഗതാഗത്തിനും സര്‍ക്കാര്‍ സ്കൂളുകളിലും ഉപയോഗിക്കുന്ന മുഴുവന്‍ ബസുകളും ഇലക്ട്രിക് ബസുകളാക്കി മാറ്റാനാണ് മുവാസലാത്തിന്‍റെ പദ്ധതി.
കാര്‍ബണ്‍ പുറന്തള്ളല്‍ പരമാവധി കുറച്ച് സാമ്പത്തിക ഉന്നതിയും പരിസ്ഥിതി സന്തുലനവും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഖത്തര്‍ ഇലക്ട്രിക് ബസുകളെ പ്രോത്സാഹിപ്പിക്കുന്നത്. ഗതാഗത രംഗത്ത് മാത്രമല്ല ഗ്യാസ് ഉത്പാദന പ്ലാന്‍റുകളിലും കാര്‍ബണ്‍ പുറംതള്ളല്‍ പരമാവധി കുറക്കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു.