ലോകകപ്പിന്റെ സന്ദേശവുമായി ഫത്ഹുൽ ഹൈർ യാത്രാ സംഘം പ്രയാണം തുടരുന്നു
ലോകകപ്പിന്റെ തയ്യാറെടുപ്പുകൾ യൂറോപ്പിന് പരിചയപ്പെടുത്തുകയും ആരാധകരെ ഖത്തറിലേക്ക് ക്ഷണിക്കുകയുമാണ് ഇത്തവണത്തെ യാത്ര ലക്ഷ്യമിടുന്നത്.
ദോഹ: ലോകകപ്പിന്റെ സന്ദേശവുമായി ഫത്ഹുൽ ഹൈർ യാത്രാ സംഘം പ്രയാണം തുടരുന്നു. ഖത്തറിന്റെ പ്രതാപവും പാരമ്പര്യവും ലോകത്തിന് പരിചയപ്പെടുത്തുന്ന സംഘത്തിൽ 18 നാവികരാണുള്ളത്. ജൂലൈ നാലിന് ആരംഭിച്ച യാത്ര ആഗസ്റ്റ് 12നാണ് അവസാനിക്കുക.
ഖത്തറിന്റെ പഴമയും പാരമ്പര്യവും രാജ്യന്തര ശ്രദ്ധയിലെത്തിക്കുന്നതിന്റെ ഭാഗമായുള്ള ഫത്ഹുൽ ഖൈർ യാത്രാ സംഘത്തിന്റെ അഞ്ചാമത് യാത്രയാണിത്. ജൂലൈ നാലിന് മാൾട്ട തീരത്ത് നിന്ന് യാത്ര തുടങ്ങിയ സംഘം ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ രാജ്യങ്ങളിലെ പ്രധാന തീരനഗരങ്ങളിൽ സന്ദർശനം നടത്തിയാണ് യാത്ര തുടരുന്നത്. ഈ മാസം 12ന് ബാഴ്‌സലോണയിലാണ് ഫതഹുൽ ഹൈറിന്റെ യാത്ര സമാപിക്കുന്നത്.
ലോകകപ്പിന്റെ തയ്യാറെടുപ്പുകൾ യൂറോപ്പിന് പരിചയപ്പെടുത്തുകയും ആരാധകരെ ഖത്തറിലേക്ക് ക്ഷണിക്കുകയുമാണ് ഇത്തവണത്തെ യാത്ര ലക്ഷ്യമിടുന്നത്. കതാറ കൾച്ചറൽ വില്ലേജാണ്ഈ സാംസ്‌കാരിക വിനിമയത്തിന് ചുക്കാൻ പിടിക്കുന്നത്. ഖത്തറിന്റെ സമുദ്ര പാരമ്പര്യം പരിചയപ്പെടുത്തുന്നതിനാണ് പായ്ക്കപ്പലിൽ മെഡിറ്ററേനിയൻ കടൽ കടന്ന് സംഘം യൂറോപ്പിലെത്തിയത്. ഒന്നരമാസത്തെ യാത്ര അവസാനിക്കുമ്പോൾ 5700 കിലോമീറ്ററിലേറെ ഈ പായക്കപ്പൽ സഞ്ചരിച്ചിട്ടുണ്ടാകും.