ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിന് സുസ്ഥിരതയ്ക്കുള്ള ഫൈവ്സ്റ്റാർ റേറ്റിങ്
സുസ്ഥിരതയ്ക്കുള്ള ഫൈവ് സ്റ്റാർ ലഭിക്കുന്ന ലോകത്തെ തന്നെ രണ്ടാമത്തെ സ്റ്റേഡിയമാണിത്
സുസ്ഥിരതയ്ക്കുള്ള ഫൈവ്സ്റ്റാർ റേറ്റിങ് കരസ്ഥമാക്കി ലോകകപ്പ് ഫൈനൽ നടക്കുന്ന വേദിയായ ലുസൈൽ സ്റ്റേഡിയം. സ്റ്റേഡിയത്തിന്റെ നിർമാണവും പരിചരണവും അടിസ്ഥാനമാക്കിയാണ് റേറ്റിങ് നൽകിയിരിക്കുന്നത്. GSAS റേറ്റിങ് സർട്ടിഫിക്കറ്റ് സ്റ്റേഡിയം അധികൃതർക്ക് കൈമാറി.
'പരിസ്ഥിതിയെ നോവിക്കാത്ത കളിക്കളങ്ങൾ' എന്ന ഖത്തറിന്റെ നിശ്ചയദാർഢ്യത്തിനുള്ള അംഗീകാരമാണ് ലുസൈൽ സ്റ്റേഡിയത്തിന് ലഭിച്ച ഗ്ലോബൽ സസ്റ്റയ്‌നബിലിറ്റ് അസസ്‌മെന്റ് സിസ്റ്റം(GSAS) ഫൈവ് സ്റ്റാർ റേറ്റിങ്.
സുസ്ഥിരതയ്ക്ക് ഫൈവ് സ്റ്റാർ ലഭിക്കുന്ന ലോകത്തെ തന്നെ രണ്ടാമത്തെ സ്റ്റേഡിയമാണിത്. നേരത്തെ തുമാമ സ്റ്റേഡിയത്തിനും ഫൈവ് സ്റ്റാർ റേറ്റിങ് ലഭിച്ചിരുന്നു. സ്റ്റേഡിയത്തിനകത്തെ വെള്ളത്തിന്റെയും ഊർജത്തിന്റെയും ഉപയോഗം, മാലിന്യ സംസ്‌കരണം, വായുവിന്റെ നിലവാരം, ഉപയോക്താക്കളുടെ സംതൃപ്തി തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.
സാധാരണ നിലയിൽ 80,000 പേർക്കിരിക്കാവുന്ന ഒരു ഫുട്‌ബോൾ സ്റ്റേഡിയത്തിന് ആവശ്യമായതിനേക്കാൾ 40 ശതമാനം കുറവാണ് ലുസൈലിലെ ജല ഉപയോഗം. മേൽക്കൂരയാണ് ഈ സ്റ്റേഡിയത്തിന്റെ മറ്റൊരു പ്രത്യേകത. പോളിടെട്രാഫ്‌ലൂറോ എഥിലീൻ(പി.ടി.എഫ്.ഇ) ആണ് മേൽക്കൂരയുടെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് സ്റ്റേഡിയത്തിനകത്തേക്ക് ചൂടുകാറ്റ് പ്രവേശിക്കുന്നത് തടയുകയും അതേ സമയം സ്റ്റേഡിയത്തിലേക്ക് ആവശ്യമായ വെളിച്ചം കടത്തിവിടുകയും ചെയ്യും.
സ്റ്റേഡിയത്തിലെ താപനില ക്രമീകരിക്കുന്നതിനും പി.ടി.എഫ്.ഇ മെറ്റീരിയൽ സഹായിക്കും. ലോകകപ്പിന് ആകെ എട്ടു വേദികളാണ് ഖത്തർ തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ എല്ലാ സ്റ്റേഡിയങ്ങൾക്കും സുസ്ഥിരതയ്ക്ക് ചുരുങ്ങിയത് ഫോർ സ്റ്റാർ റേറ്റിങ് എങ്കിലും ഇതുവരെ ലഭിച്ചിട്ടുണ്ട്.