ഗൾഫ് മാധ്യമം ‘എജ്യൂ കഫേ’ ഖത്തറിലുമെത്തുന്നു
ജനുവരി 19, 20 തിയതികളിൽ നടക്കുന്ന വിദ്യാഭ്യാസപ്രദർശനത്തിന് അൽ മെഷാഫിലെ പൊഡാർ പേൾ സ്കൂൾ വേദിയാകും
ദോഹ: ഗൾഫ് മാധ്യമം വിദ്യാഭ്യാസ പ്രദർശനമായ ‘എജ്യൂ കഫേ’ ഖത്തറിലുമെത്തുന്നു. ഇന്ത്യയിലും യു.എ.ഇയിലുമായി ഏറെ ശ്രദ്ധേയമായി മാറിയ വിദ്യഭ്യാസ പ്രദർശനം ആദ്യമായാണ് ഖത്തറിലേക്കെത്തുന്നത്.
വിദ്യാഭ്യാസ-കരിയർ വിദഗ്ധരും ഇന്ത്യയിലെയും ഗൾഫിലെയും ഉൾപ്പെടെ സർവകാലാശാലാ പ്രതിനിധികളും പ്രഭാഷകരും അണിനിരക്കുന്ന വിദ്യാഭ്യാസപ്രദർശനത്തിന് ജനുവരി 19, 20 തിയതികളിൽ അൽ മെഷാഫിലെ പൊഡാർ പേൾ സ്കൂൾ വേദിയാകും. എജ്യു കഫേയുടെ പോസ്റ്റർ പ്രകാശനവും സ്വാഗതസംഘം രൂപീകരണവും ഇന്ത്യൻ കൾചറൽ സെന്റർ ആസ്ഥാനത്തെ മുംബൈ ഹാളിൽ നടന്നു.
ഐ.സി.സി പ്രസിഡന്‍റ് എ.പി മണിക്ണഠൻ ‘എജ്യൂ കഫേ’ പോസ്റ്റർ പ്രകാശനം ചെയ്തു. ചടങ്ങിൽ എജ്യൂ കഫേയുടെ ധാരണാപത്രം ഗൾഫ് മാധ്യമം-മീഡിയവൺ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി പൊഡാർ പേൾ സ്കൂൾ പ്രസിഡന്‍റ് സാം മാത്യുവിന് കൈമാറി.
ഗൾഫ് മാധ്യമം ഖത്തർ റീജ്യനൽ മാനേജർ ടി.എസ് സാജിദ് വിശദീകരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. വി. മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും നാസർ ആലുവ നന്ദിയും പറഞ്ഞു.
Summary: Gulf Madhyamam Education Expo 'Edu Cafe' will be held in Qatar on January 19, 20